Tuesday 3 May 2022

QUESTIONS OF ENGLISH - 02

                                     2

         THE ENGLISH LANGUAGE

ഷാഹിന & വര്‍ഷ: Good afternoon, Sir.

@ Good afternoon.

വര്‍ഷ: സര്‍, ഞങ്ങള്‍ ഒരു കാര്യം സാറിനോട് തുറന്നുചോദിക്കാനാഗ്രഹിക്കുന്നു. പക്ഷേ, സാറിന് ഇങ്ങനെ ചോദിക്കുന്നതില്‍ ഞങ്ങളോട് വിഷമം തോന്നരുത്.

@ നിങ്ങള്‍ക്ക് എന്തു ചോദ്യവും എന്നോട് സധൈര്യം ചോദിക്കാം. എനിക്കറിയാവുന്ന കാര്യമാണെങ്കില്‍ ഞാന്‍ മറുപടി നല്‍കാന്‍ തയ്യാറാണ്. എനിക്കറിയാത്ത കാര്യമാണെങ്കില്‍ ഞാന്‍ അതിനെപ്പറ്റി പഠിച്ചശേഷം മറുപടി തരും. ഇനി പറയൂ. വര്‍ഷക്ക് എന്താണ് അറിയേണ്ടത്?

വര്‍ഷ: സാറ് കഴിഞ്ഞ തവണ ഞങ്ങളോട് പറഞ്ഞത് know, learn, speak, teach എന്നീ verbs-നുശേഷം the English language എന്ന് ഉപയോഗിക്കരുത് എന്നാണ്. അതായത്, I know the English language എന്ന് പറയരുത് എന്ന്. എന്നാല്‍ കഴിഞ്ഞ ദിവസം ഞങ്ങള്‍ ഒരു പുസ്തകം വായിച്ചു. ഇംഗ്ലീഷില്‍ ഡോക്റ്ററേറ്റുള്ള ഒരു പ്രൊഫസര്‍ എഴുതിയ ഒരു കൊച്ചുപുസ്തകം. PSC പരീക്ഷ എഴുതുന്നവര്‍ക്കുവേണ്ടി തയ്യാറാക്കിയ ഈ പുസ്തകത്തിലൊരിടത്ത് She can speak the English language എന്ന് ഉദാഹരണവാക്യമായി കൊടുത്തിട്ടുണ്ട്. സാറ് തെറ്റാണെന്ന് പറഞ്ഞ പ്രയോഗമാണ് ഒരു ഇംഗ്ലീഷ് പ്രൊഫസര്‍ പഠനാവശ്യത്തിനുള്ള ഒരു പുസ്തകത്തില്‍ കൊടുത്തിട്ടുള്ളത്. ഞങ്ങള്‍ ആരെ follow ചെയ്യണം?  സാറെയോ അതോ പ്രൊഫസറെയോ? ഇങ്ങനെ തുറന്നുപറയുന്നതില്‍ സാറ് ക്ഷമിക്കണം.

@ വര്‍ഷ മുന്‍കൂര്‍ ജാമ്യം എടുത്തുകൊണ്ടാണല്ലോ സംസാരിക്കുന്നത്. എന്തായാലും, ഇങ്ങനെ ചോദിക്കാന്‍ തയ്യാറായ വര്‍ഷയെ ഞാന്‍ അഭിനന്ദിക്കുന്നു. വര്‍ഷ ഒരു കാര്യം മനസ്സിലാക്കണം. ഇംഗ്ലീഷില്‍ ഒരു ചൊല്ലുണ്ട്. വര്‍ഷ കേട്ടുകാണും. Homer sometimes nods എന്നതാണ് ആ ചൊല്ല്. എത്ര വലിയ പണ്ഡിതനും എത്ര വലിയ ബുദ്ധിമാനും എത്ര വലിയ സമര്‍ത്ഥനും ചിലപ്പോള്‍ തെറ്റുപറ്റും എന്ന ആശയമാണ് ഈ ചൊല്ലില്‍ അടങ്ങിയിരിക്കുന്നത്. നമുക്കൊരു popular misconception ഉണ്ട്. ഇംഗ്ലീഷ് പ്രഫെസര്‍മാര്‍ പറയുന്നതെല്ലാം ശരിയും അല്ലാത്തവര്‍ പറഞ്ഞാല്‍ തെറ്റുമാണെന്ന ഒരു ധാരണ. ഈ ധാരണ നാം ആദ്യം മാറ്റണം. പ്രഫെസര്‍ ആയാലും അദ്ദേഹം ഒരു മനുഷ്യനാണ്. മനുഷ്യനാണെങ്കില്‍ തെറ്റുപറ്റുക തന്നെ ചെയ്യും. പണ്ടൊരു ഇംഗ്ലീഷ് പ്രഫെസര്‍ പറഞ്ഞത് അവരെന്നെ promote ചെയ്തില്ലെങ്കിലും സാരമില്ല, depromote ചെയ്യാതിരുന്നാല്‍ മതിയായിരുന്നു എന്നാണെന്ന് എം. കൃഷ്ണന്‍നായരുടെ സാഹിത്യവാരഫലത്തില്‍ വായിച്ചത് ഓര്‍ക്കുന്നു. വര്‍ഷ Otto Jesperson എന്നൊരാളെക്കുറിച്ച് കേട്ടിട്ടുണ്ടോ?

വര്‍ഷ: ഇല്ല.

ഡാനിഷ് ഭാഷാശാസ്ത്രജ്ഞനായിരുന്നു Otto Jesperson. 1943-ലാണ് അദ്ദേഹം മരിച്ചത്. അദ്ദേഹത്തിന്റെ ഏറ്റവും പ്രശസ്തമായ ഗ്രന്ഥമാണ് ഏഴു ഭാഗങ്ങളുള്ള A Modern English Grammar on Historical Principles. ലോകം കണ്ട ഏറ്റവും വലിയ ഭാഷാശാസ്ത്രജ്ഞന്മാരില്‍ അഗ്രഗണ്യനാണ് ഇദ്ദേഹം. മേല്‍പ്പറഞ്ഞ പുസ്തകത്തിലൊരിടത്ത് ഇദ്ദേഹം that Charles Dickens എന്ന് ഉപയോഗിച്ചിട്ടുണ്ടെന്ന് ഇംഗ്ലീഷില്‍ നല്ല പാണ്ഡിത്യമുള്ള എന്റെ ഒരു സുഹൃത്ത് വര്‍ഷങ്ങള്‍ക്കുമുമ്പ് എന്നോട് പറയുകയുണ്ടായി. എന്താണ് ഈ പ്രയോഗത്തിലെ തെറ്റെന്ന് മനസ്സിലായോ?

വര്‍ഷ: ഇല്ല.

ഒരു വ്യക്തിയുടെ പേരിനുമുമ്പില്‍ that ചേര്‍ത്താല്‍ ആ വ്യക്തിയെ അവഹേളിക്കുന്നതിന് തുല്യമാണ്. Charles Dickens ഒരുപക്ഷേ ഏറ്റവും മഹാനായ ഇംഗ്ലീഷ് നോവലിസ്റ്റാണ്. അദ്ദേഹത്തിന്റെ പേരിനുമുമ്പില്‍ that ഉപയോഗിക്കാനേ പാടില്ലാത്തതാണ്. പക്ഷേ, ഒരു നിമിഷത്തെ അശ്രദ്ധ കാരണം Otto Jesperson-നെപ്പോലുള്ള ഒരു ഭാഷാപണ്ഡിതനുതന്നെ ഇത്തരത്തിലൊരു അബദ്ധം പറ്റി. ഇന്ത്യയുടെ രണ്ടാമത്തെ പ്രസിഡന്റായ ഡോക്റ്റര്‍ രാധാകൃഷ്ണന്‍ ഇംഗ്ലീഷില്‍ അഗാധപാണ്ഡിത്യമുണ്ടായിരുന്ന വ്യക്തിയാണ്. 

വര്‍ഷ: സര്‍, അദ്ദേഹം ഒരദ്ധ്യാപകന്‍ കൂടി ആയിരുന്നില്ലേ?

@ തീര്‍ച്ചയായും. ഒരു നല്ല അദ്ധ്യാപകനായിരുന്നു അദ്ദേഹം. അദ്ദേഹം ഇന്ത്യയിലെ യൂനിവേര്‍സിറ്റികളില്‍ മാത്രമല്ല ഓക്‌സ്ഫഡ് യൂനിവേര്‍സിറ്റിയിലും പ്രഫെസറായി ജോലിചെയ്തിട്ടുണ്ട്. മാത്രമല്ല, ഡല്‍ഹി യൂനിവേര്‍സിറ്റിയുടെ ചാന്‍സലറായും പ്രവര്‍ത്തിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ ഓര്‍മ്മക്കായാണ് സപ്തംബര്‍ അഞ്ച് അദ്ധ്യാപകദിനമായി ആചരിക്കുന്നത്. രാധാകൃഷ്ണന്റെ ജന്മദിനമാണ് സപ്തംബര്‍ അഞ്ച്. ഒരു എഴുത്തുകാരന്‍കൂടിയായിരുന്നു രാധാകൃഷ്ണന്‍. അദ്ദേഹത്തിന്റെ ഒരു കൃതിയാണ് Our Heritage. ഈ പുസ്തകത്തില്‍ അദ്ദേഹം വരുത്തിയ ഒരു വ്യാകരണത്തെറ്റ് ശ്രദ്ധേയമാണ്. വാക്യം  ഇങ്ങനെയാണ്: It is time therefore that we realise these things and adopt them not merely in theory but in practice. പലരും വരുത്തുന്ന ഒരു തെറ്റാണിത്. ഈ വാക്യം ശരിയാവണമെങ്കില്‍ It is time therefore that we realised these things and adopted them not merely in theory but in practice എന്നു വേണമായിരുന്നു. ഇത്തരത്തിലുള്ള തെറ്റുകള്‍ നെഹ്‌റുവിന്റെയും ഗാന്ധിജിയുടെയും പുസ്തകങ്ങളിലും കാണാവുന്നതാണ്. ചില തെറ്റുകള്‍ അശ്രദ്ധ കാരണം വരുന്നതാണ്. എന്നാല്‍ ചിലവ തെറ്റാണെന്ന് അറിയാതെ വരുന്നതാണ്. ഒരു ഇംഗ്ലീഷ് പ്രഫെസര്‍ മലയാളത്തിലെഴുതിയ നല്ല വില്‍പ്പനയുള്ള ഒരു ഇംഗ്ലീഷ് വ്യാകരണ പുസ്തകം വര്‍ഷങ്ങള്‍ക്ക് മുമ്പ് വായിച്ചപ്പോള്‍ അതില്‍ കണ്ട തെറ്റുകളിലൊന്ന് അമ്പരപ്പിക്കുന്നതാണ്. ആ പ്രഫെസര്‍ വ്യക്തമായും പറയുന്നത് resemble എന്ന വാക്ക് passive voice-ല്‍ ഉപയോഗിക്കാമെന്നാണ്. അദ്ദേഹം കൊടുത്ത ഉദാഹരണം ഇങ്ങനെയാണെന്നാണോര്‍മ്മ: You resemble your mother (Active) - Your mother is resembled by you (Passive).  ഇതില്‍നിന്നും മനസ്സിലാവുന്നത് ആ പ്രഫെസര്‍ക്ക് resemble-ന്റെ പ്രയോഗരീതി അറിയില്ലെന്നാണ്. Passive voice-ല്‍ ഉപയോഗിക്കാന്‍ പാടില്ലാത്ത വാക്കുകളിലൊന്നാണ് resemble. ഇത് നമ്മുടെ കാര്യം. സാക്ഷാല്‍ ഇംഗ്ലീഷുകാര്‍പോലും തെറ്റുവരുത്തുന്നുണ്ട്. Fowler എന്ന ഇംഗ്ലീഷുകാരന്‍ എഴുതിയ വളരെ പ്രശസ്തമായ വ്യാകരണഗ്രന്ഥമാണ് Fowler's Modern English Usage. ഈ പുസ്തകത്തിലൊരിടത്ത് അദ്ദേഹം ഇങ്ങനെ പറയുന്നു: One of the men who does things. Does should be do. This blunder, easier to deal with ....... ഇതേ Fowler ഇതേ പുസ്തകത്തില്‍ 60 പേജുകള്‍ പിന്നിട്ടപ്പോള്‍ ഇതേ തെറ്റ് വരുത്തിയിരിക്കുന്നത് കാണാം: ..... Prestige is one of the few words that has had an experience opposite to that described in WORSENED WORDS. Fowler നേരത്തെ പറഞ്ഞതുപ്രകാരം എളുപ്പത്തില്‍ ഒഴിവാക്കാവുന്ന തെറ്റ് അദ്ദേഹംതന്നെ വരുത്തിയത് കാണുമ്പോള്‍ നാം അമ്പരക്കുന്നു. ഇവിടെ that has had എന്നതിനു പകരം that have had എന്നായിരുന്നു Fowler പറഞ്ഞതുപ്രകാരം വേണ്ടിയിരുന്നത്. തെറ്റുകളെക്കുറിച്ച് പറയുകയാണെങ്കില്‍ ഇനിയുമേറെ പറയാനുണ്ട്. എന്തായാലും, ആരെഴുതിയാലും തെറ്റ് തെറ്റുതന്നെ. ങ്ആ..... ഒരു തെറ്റിനെപ്പറ്റി കൂടി പറഞ്ഞേ പറ്റൂ. വളരെ പ്രശസ്തനായ ഒരു ഇംഗ്ലീഷ് അദ്ധ്യാപകന്‍ കുറേ വര്‍ഷങ്ങള്‍ക്കുമുമ്പ് വനിതകള്‍ക്കുള്ള ഒരു മലയാള മാഗസിനില്‍ ഇംഗ്ലീഷ് പംക്തി കൈകാര്യം ചെയ്തിരുന്നു. ഒരിക്കല്‍ ആ പംക്തിയില്‍ അദ്ദേഹം എഴുതിയത് ഇങ്ങനെയായിരുന്നു: Do you know when does the train arrive? ഒരു വാക്യത്തില്‍ രണ്ടു  ചോദ്യങ്ങള്‍. പല ഇംഗ്ലീഷ് പഠനഗ്രന്ഥങ്ങളിലും ഇത്തരത്തിലുള്ള തെറ്റ് കാണാം. Do you know when the train arrives? എന്നായിരുന്നു ഈ വാക്യം വേണ്ടിയിരുന്നത്. അതിനാല്‍ വര്‍ഷയോടും ഷാഹിനയോടും എനിക്ക് പറയാനുള്ളത് ആര് എഴുതി എന്നതല്ല എന്ത് എഴുതി എന്നതാണ് ശ്രദ്ധിക്കേണ്ടത്. 

വര്‍ഷ: അപ്പോള്‍ ആ പ്രൊഫസര്‍ എഴുതിയത് തെറ്റാണ്, അല്ലേ?

തെറ്റാണ്. I can speak Arabic fluently എന്നു മതി. I can speak the Arabic language fluently എന്നു വേണ്ട. കൂടുതല്‍ കാര്യങ്ങള്‍ പറയാന്‍ ഇപ്പോള്‍ സമയം അനുവദിക്കുന്നില്ല. നമുക്ക് അടുത്ത തവണ കാണാം.

വര്‍ഷ & ഷാഹിന:  OK, Sir. Goodbye.

@ Goodbye.

                         *************


No comments:

Post a Comment