Thursday 26 January 2023

ARTICLES - 01

                    ARTICLES - 01

Articles എന്നറിയപ്പെടുന്നത് a, an, the എന്നീ വാക്കുകളാണ്. A, an എന്നീ വാക്കുകള്‍ indefinite articles എന്ന പേരിലും the, definite article എന്ന പേരിലും പ്രത്യേകമായി അറിയപ്പെടുന്നു.

ഒരു പ്രത്യേക വ്യക്തിയെയോ വസ്തുവിനെയോ സൂചിപ്പിക്കാത്ത singular noun-നു മുന്നിലാണ് a, an ഉപയോഗിക്കുന്നത്. ഒരു പ്രത്യേക വ്യക്തിയെയോ വസ്തുവിനെയോ സൂചിപ്പിക്കുമ്പോള്‍ the ഉപയോഗിക്കും. 

Vowel sound-ല്‍ തുടങ്ങുന്ന വാക്കാണെങ്കില്‍ an-ഉം അല്ലാത്തപക്ഷം a-ഉം ഉപയോഗിക്കുന്നു: an apple, an elephant, an Indian minister, an old friend, an unlucky man; a boy, a girl, a man, a woman, a cat, a dog, a pen, a watch.

A, e, i, o, u എന്നിവയാണ് ഇംഗ്ലിഷിലെ vowel letters. അതിനാല്‍ ഈ അക്ഷരങ്ങളില്‍ തുടങ്ങുന്ന വാക്കുകളുടെ ഉച്ചാരണം തുടങ്ങുന്നത് vowel sound-ലായിരിക്കും. ഇക്കാരണത്താല്‍ ഈ അക്ഷരത്തില്‍ തുടങ്ങുന്ന വാക്കുകളുടെ മുന്നില്‍ an ഉപയോഗിക്കണം. എന്നാല്‍ ഇവയില്‍ e, u എന്നിവയുടെ ഉച്ചാരണം ചിലപ്പോള്‍ vowel sound-ലല്ല തുടങ്ങുക. തദവസരത്തില്‍ a ഉപയോഗിക്കണം: a European (eu-വില്‍ തുടങ്ങുന്ന എല്ലാ വാക്കുകളിലും a മതി), a ewe; a unanimous decision, a union, a university (ഈ വാക്കുകളുടെ ഉച്ചാരണം 'യ'-യിലാണ് തുടങ്ങുന്നത്.

മുകളില്‍ പറഞ്ഞ അഞ്ചു അക്ഷരങ്ങള്‍ ഒഴിച്ച് ബാക്കി 21 അക്ഷരങ്ങളില്‍ തുടങ്ങുന്ന വാക്കുകള്‍ക്കു മുന്നിലും a ഉപയോഗിക്കുന്നു. എന്നാല്‍ h-ല്‍ തുടങ്ങുന്ന ചില വാക്കുകളുടെ ഉച്ചാരണം vowel sound-ല്‍ തുടങ്ങുന്നതിനാല്‍ an ഉപയോഗിക്കണം: Hourനു മുമ്പില്‍ an ഉപയോഗിച്ചു. ഉച്ചാരണം ഔര്‍ എന്നാണ്. ഔ (ou) സ്വരാക്ഷരമാണല്ലോ. ഇക്കാര്യത്തില്‍ മലയാളത്തിലെ സ്വരവ്യഞ്ജനാക്ഷരങ്ങള്‍ ഓര്‍ത്താല്‍ മതി. 

വ്യഞ്ജനാക്ഷരത്തില്‍ (consonant letter) തുടങ്ങുന്നതും ഉച്ചാരണം സ്വരശബ്ദത്തില്‍ (vowel sound)  ആരംഭിക്കുന്നതിനാല്‍ an ചേര്‍ക്കേണ്ടതുമായ ഒരു കൂട്ടം വാക്കുകളിതാ: 

heir, heirless, heirloom, honest, honorarium, 

honorary, honor, honorable, honored, hour, hourly.

=================================

സാധാരണഗതിയില്‍ ഒരു (one) എന്ന അര്‍ത്ഥത്തില്‍ ആണ് indefinite article ഉപയോഗിക്കുന്നത്. അതേസമയം വേറെ ചില അര്‍ത്ഥങ്ങള്‍ കൂടിയും ഇവയ്ക്കുണ്ട്. 

Singular nouns-നു മുന്നിലാണ് indefinite article ചേര്‍ക്കുന്നത്: a school, a book, a woman, a parrot. Plural nouns, uncountable nouns എന്നിവയുടെ കൂടെ a/an ഉപയോഗിക്കില്ല.

=================================

1. നാമങ്ങളെ ഏകവചനം (singular) എന്നും ബഹുവചനം (plural) എന്നും രണ്ടായി തരംതിരിച്ചിട്ടുണ്ടല്ലോ. എണ്ണാന്‍ കഴിയുന്ന ഏകവചന നാമത്തിനു മുമ്പില്‍ a/an ഉപയോഗിക്കണം:

Rahul is a student of mine.

Sharmina is a smart girl. 

A cow is a useful animal.

2. ജോലിയുടെ പേരിനു മുമ്പില്‍ a/an ഉപയോഗിക്കണം:

Sunil is a journalist.

I think she is a doctor.

3.  Many, what, such തുടങ്ങിയ വാക്കുകള്‍ക്കു ശേഷമേ a/an ഉപയോഗിക്കാവൂ:

What a beautiful girl she is!

I have never seen such a generous person as Yousuf Ali.

Many a student is said to use drugs these days.

4. As, how, so, too എന്നീ പദങ്ങള്‍ക്കുശേഷം ഒരു adjectiveഉം ഒരു ഏകവചനനാമവും വന്നാല്‍ a/an ഉപയോഗിക്കേണ്ടത് adjectiveന്റെയും nounന്റെയും ഇടയ്ക്കാണ്:

Jayalakshmi is as clever a girl as you can wish to meet.         

You see how large a letter I have written.

I have never known so wet a summer.

It is too difficult a book for me. 

5. Few, little എന്നിവയ്ക്കു മുമ്പില്‍ a ഉപയോഗിക്കുമ്പോള്‍ അര്‍ത്ഥത്തില്‍ മാറ്റം വരും. Few എന്നു വെച്ചാല്‍ വളരെ വളരെ കുറച്ച് എന്നര്‍ത്ഥം. A few എന്നതിന്റെ അര്‍ത്ഥം ഏതാനും എന്നാണ്: 

He bought a few books. 

Few people live to be 100 എന്നതിന്റെ അര്‍ത്ഥം, വളരെ വളരെ കുറച്ചാളുകള്‍ 100 വയസ്സുവരെ ജീവിക്കുന്നു എന്നാണ്‌. Fewന് നിഷേധാര്‍ത്ഥമാണുള്ളത്. 100 വയസ്സു വരെ ജീവിക്കുന്നവരില്ല എന്ന അര്‍ത്ഥം  യോജിക്കും. A few എന്നു വച്ചാല്‍ ഉള്ളതില്‍ ഏതാനും എന്ന അര്‍ത്ഥമുള്ളതിനാല്‍ ഇത് നിഷേധാര്‍ത്ഥം  സൂചിപ്പിക്കുന്നില്ല.

Few, a few എന്നിവ countable nounന്റെ മുന്നിലേ ചേര്‍ക്കാനാവൂ. നാമം ബഹുവചനത്തില്‍ 

യിരിക്കണം.

Little, a little എന്നിവയുടെ അര്‍ത്ഥം യഥാക്രമം fewവിനും a fewവിനും തുല്യം തന്നെ. Uncountable nounന്റെ മുമ്പിലാണ് littleഉം a littleഉം ഉപയോഗിക്കുന്നത്:

We have little time to spare.

We have a little time to spare.

Few, little എന്നിവയ്ക്കു മുമ്പില്‍ theയും ഉപയോഗിക്കാം. അപ്പോള്‍ അര്‍ത്ഥത്തില്‍ വ്യത്യാസം വരും. ഇതിനെപ്പറ്റി പിറകെ പഠിക്കാം. 

A few, a little എന്നിവയ്ക്കു മുന്നില്‍ just, only എന്നിവ ഉപയോഗിക്കാം:

There are just a few apples left.

We have only a little money. 

എന്നാല്‍ few, little എന്നിവയ്ക്കു മുമ്പില്‍ justഓ onlyഓ ഉപയോഗിക്കരുത്. Few, little എന്നിവ negative words ആണ്. എന്നാല്‍ a few, a little എന്നിവ negative words അല്ല. 

6.  Halfനും ഒരു nounനും ഇടയ്ക്ക് a/an വേണം:

Half an hour, half a dozen 

7. സ്വാഭാവികമായും ഒന്നിച്ചുണ്ടാക്കുന്ന ഒരൊറ്റ ഘടകമായി കരുതുന്ന രണ്ടു സാധനങ്ങളെ പരാമര്‍ശിക്കുമ്പോള്‍ ഒരു തവണ മാത്രം a/an ഉപയോഗിച്ചാല്‍ മതി:

A cup and saucer (a cup and a saucer എന്നു വേണ്ട)

A knife and fork (a knife and a fork എന്നു വേണ്ട)

8. ഒരു വ്യക്തിയുടെ പേരിനു മുമ്പില്‍, ആ വ്യക്തി സംസാരിക്കുന്ന വ്യക്തിക്ക് അപരിചിതനാണെങ്കില്‍ a ഉപയോഗിക്കാം. എന്നാല്‍  aക്കു ശേഷം  Mr, Mrs, Miss, Ms ഇവയിലൊന്ന് യോജിക്കുന്ന തരത്തില്‍ ഉപയോഗിക്കണം:

A Mr Santhosh is waiting for you.

A Mrs Iqbal has called.

A Miss Jameela wanted me to give you this book.

ഇവിടെ aക്കുപകരം one ഉപയോഗിക്കാവുന്നതാണ്. തദവസരത്തില്‍ Mr, Mrs, Miss, Ms എന്നിവയിലൊന്ന് വേണമെന്ന് നിര്‍ബന്ധമില്ല.

ഇനി അര്ത്ഥ വ്യത്യാസത്തെക്കുറിച്ച് വിവരിക്കാം.

1.  Aയുടെ അഥവാ  Anന്റെ പ്രഥമവും പ്രധാനവുമായ ഉപയോഗം ഒരു എന്ന അര്‍ത്ഥത്തിലാണ്:

I bought a dozen of oranges.

He has an ulcer on his leg.

I have a pen.

Have you a computer?

മേല്‍കൊടുത്ത ഉദാഹരണങ്ങളുടെ ബഹുവചനരൂപം ഇപ്രകാരമാണ്: 

I bought some dozen of oranges.

He has some ulcers on his leg. 

I have some pens. 

Have you any computers?  

ചോദ്യവാക്യത്തില്‍  aയുടെ സ്ഥാനത്ത്  anyയും മറ്റുള്ളിടത്ത്  someഉം ഉപയോഗിക്കാം. 

[Someനു ശേഷം  countable nounഉം  uncountable nounഉം ഉപയോഗിക്കാം. Countable noun ബഹുവചനത്തിലായിരിക്കണം. Dozenന്റെ ബഹുവചനം Dozen എന്നു തന്നെ. Dozen of എന്നതിന്റെ അര്‍ത്ഥം വളരെയേറെ എന്നാണ്.]

2. ഏതോ ഒരു എന്ന അര്‍ത്ഥത്തിലും a/an ഉപയോഗിക്കുന്നു:

I saw a boy running with a bag in his hand.

A man came and knocked at the door.

(ഇവിടെ ആണ്‍കുട്ടി ആരാണെന്നോ വാതിലില്‍ മുട്ടിയ മനുഷ്യന്‍ ആരാണെന്നോ തിരിച്ചറിയാന്‍ കഴിയുന്നില്ല. ഇങ്ങനെ തിരിച്ചറിയാനാവാത്ത സന്ദര്‍ഭത്തിലെല്ലാം singular nounന്റെ മുന്നില്‍ a/an ഉപയോഗിക്കണം.)

3. ഒരൊറ്റ എന്ന അര്‍ത്ഥത്തില്‍ ഉപയോഗിക്കാം:

There is not a man here who will not support            him.

He did not speak a word in self-defence.

4. ഒരു വര്‍ഗത്തെ മുഴുവന്‍ പ്രതിനിധീകരിക്കുന്നതിനുവേണ്ടി ഏകവചനത്തിനു മുമ്പില്‍ a/an ഉപയോഗിക്കുന്നു:

A horse is an animal

A parrot can repeat what you say?

A cow is a domestic animal.

മേല്‍ക്കൊടുത്ത ആദ്യത്തെ ഉദാഹരണത്തിന്റെ അര്‍ത്ഥം  കുതിര ഒരു മൃഗമാണ് എന്നാണ്. കുതിര ഒരു മൃഗമാണെന്ന ആശയത്തില്‍ എല്ലാ കുതിരകളും മൃഗങ്ങളാണെന്ന അര്‍ത്ഥം കൂടി ഉള്‍ക്കൊള്ളുന്നു (All horses are animals). രണ്ടാമത്തെ ഉദാഹരണത്തിന്റെ അര്‍ത്ഥം തത്തക്ക് നിങ്ങള്‍ പറയുന്നത് ആവര്‍ത്തിച്ചു പറയാന്‍ കഴിയും എന്നാണ്. ഏതെങ്കിലും ഒരു തത്തക്ക് മാത്രമല്ലല്ലോ ഈ കഴിവുള്ളത്. അപ്പോള്‍ എല്ലാ തത്തകള്‍ക്കും  നിങ്ങള്‍ പറയുന്നത് ആവര്‍ത്തിച്ചു പറയാന്‍ കഴിയും (All parrots can repeat what you say) എന്ന അര്‍ത്ഥം  കൂടി ഈ വാക്യത്തിനുണ്ട്. മൂന്നാമത്തെ വാക്യത്തിന്റെ അര്‍ത്ഥം പശു ഒരു വളര്‍ത്തുമൃഗമാണ് എന്നാണ്. പശു ഒരു വളര്‍ത്തുമൃഗമാണെന്ന ആശയത്തില്‍ എല്ലാ പശുക്കളും വളര്‍ത്തുമൃഗങ്ങളാണെന്ന അര്‍ത്ഥം കൂടി ഉള്‍ക്കൊള്ളുന്നു (All cows are domestic animals).

മേല്‍ക്കൊടുത്ത വാക്യങ്ങളില്‍ aയുടെ സ്ഥാനത്ത് theയും ഉപയോഗിക്കാം. ആശയം ഒന്നു തന്നെ. 

5. ഒരു സംജ്ഞാനാമത്തിനു (proper noun - ഒരാളിന്റെയോ സ്ഥലത്തിന്റെയോ പേരിനെ സൂചിപ്പിക്കുന്ന വാക്കിനെയാണ് proper noun എന്ന് പറയുന്നത്. ഇത്തരം പദങ്ങള്‍ വലിയക്ഷരത്തില്‍ ആരംഭിക്കുന്നു:  Akbar, Kannur) മുന്നില്‍ a/an ഉപയോഗിച്ചാല്‍ അത് ഒരു സാധാരണനാമം (common noun: ഒരേ വര്‍ഗത്തിലോ തരത്തിലോ പെട്ട ആളുകളെ അഥവാ വസ്തുക്കളെ ഉദ്ദേശിച്ചു കൊണ്ടുള്ള പേര്) ആയിത്തീരുന്നു:

He thinks he is a Napolean.

He is a Rockefeller.

മേല്‍ക്കൊടുത്ത ആദ്യത്തെ ഉദാഹരണത്തിന്റെ അര്‍ത്ഥം അവന്‍ താനൊരു നെപോളിയനാണെന്ന് വിചാരിക്കുന്നു എന്നാണ്. ഇവിടെ ഒരു നെപോളിയന്‍ എന്നതിന്റെ ആശയം നെപോളിയനെപ്പോലുള്ള ഒരു മനുഷ്യന്‍ എന്നാണ്. രണ്ടാമത്തേതിന്റെ അര്‍ത്ഥം അയാളൊരു റോക്‌ഫെലറാണ് എന്നാണ്. ഒരു റോക്‌ഫെലര്‍ എന്നു പറഞ്ഞാല്‍ റോക്‌ഫെലറെപ്പോലുള്ള ഒരുവന്‍ എന്നര്‍ത്ഥം. അമേരിക്കയിലെ ഏറ്റവും വലിയ കോടീശ്വരന്മാരില്‍ ഒരാളായിരുന്നു റോക്‌ഫെലര്‍. അപ്പോള്‍ a Rockefellerന്  ഒരു കോടീശ്വരന്‍ എന്ന ആന്തരികാര്‍ത്ഥം കിട്ടുന്നു. നെപോളിയന്‍ വീരശൂരപരാക്രമിയായിരുന്നുവെന്ന് നമുക്കറിയാം. വീരശൂരപരാക്രമി എന്ന ആന്തരികാര്‍ത്ഥമാണ് a Napolean എന്ന പദത്തിലുള്ളത്.

6. ഓരോ എന്ന അര്‍ത്ഥത്തിലും a/an ഉപയോഗിക്കാം:

I drink tea three times a day (ഞാന്‍ ഓരോ ദിവസവും (ദിവസം പ്രതി) മൂന്നു തവണ ചായ കുടിക്കുന്നു).

He gets a salary of 30,000 rupees a month (അയാള്‍ക്ക്  ഓരോ മാസവും (മാസം തോറും) 30,000 രൂപ ശമ്പളം കിട്ടുന്നു).

7. Quite(കൈ്വറ്റ്), rather(റാഥര്‍) എന്നീ വാക്കുകള്‍ക്കു ശേഷവും very(വെരി) എന്ന വാക്കിനു മുമ്പുമാണ് a/an ഉപയോഗിക്കേണ്ടത്:

Najeeb is quite a good player.

It is rather a ptiy that he can't swim.

The book you gave me was a very good one.

Rather എന്ന വാക്കിനു ശേഷം ഒരു നാമവിശേഷണം (adjective) വരുമ്പോള്‍ a/an, rather നു മുമ്പോ ശേഷമോ ഉപയോഗിക്കാം: a rather surprising result/rather a surprising result. Aയുടെ അഥവാ anന്റെ സ്ഥാനത്ത് the ഉപയോഗിക്കുമ്പോള്‍ അത് ratherനു മുന്നില്‍ വയ്ക്കണം: 

Noushad is the rather tall boy in the class.

=================================

ഇനി, definite article എന്ന പേരിലറിയപ്പെടുന്ന theയെക്കുറിച്ച് പഠിക്കാം. Definite എന്ന പദത്തിന്റെ അര്‍ത്ഥം നിശ്ചിതം എന്നാണ്. നിശ്ചിതമായ ഒരു കാര്യത്തെ സംബന്ധിച്ച് പരാമര്‍ശിക്കുമ്പോള്‍ the ഉപയോഗിക്കാം. നിശ്ചിതത്തെ സൂചിപ്പിക്കുന്ന ആ (that), ഈ (this) എന്നീ അര്‍ത്ഥങ്ങള്‍ theക്ക് നല്‍കാം. എന്നാല്‍ എല്ലായിടത്തും ഈ അര്‍ത്ഥം വരില്ലെന്നുമോര്‍ക്കുക. പൊതുവെ അര്‍ത്ഥശൂന്യമായ വാക്കാണ് the.

1. പൊതുവായ ആശയത്തില്‍ അഥവാ സാര്‍വത്രികമായ അര്‍ത്ഥത്തില്‍, കുറേക്കൂടി വ്യക്തമാക്കിയാല്‍ ലോകത്തെ മുഴുവന്‍ ബാധിക്കത്തക്കവിധത്തില്‍ ഉപയോഗിക്കുന്ന വസ്തുനാമത്തിനു (material noun) മുന്നില്‍ the ഉപയോഗിക്കരുത്. (ഒരു വസ്തുവിന്റെ പേരിനെ സൂചിപ്പിക്കുന്ന നാമമാണ് വസ്തുനാമം: stone, wood, water, book, apple, gold, pen).

Gold is a precious metal.

There are vessels made of silver and gold in the temple.

ആദ്യത്തെ വാക്യത്തിലെ goldനു മുന്നില്‍ the വെച്ചിട്ടില്ല. ഈ വാക്യത്തില്‍ gold (സ്വര്‍ണ്ണം) എന്ന വസ്തുനാമം സാര്‍വത്രികമായ ആശയത്തിലാണ് ഉപയോഗിച്ചിരിക്കുന്നത്. സ്വര്‍ണ്ണം വിലപിടിപ്പുളള ലോഹമാണ് എന്നാണല്ലോ ഈ വാക്യം പറയുന്നത്. ലോകത്തിന്റെ ഏത് ഭാഗത്ത് പോയാലും സ്വര്‍ണ്ണം വിലപിടിപ്പുള്ള വസ്തുവാണെന്ന് നമുക്കറിയാം. സ്വര്‍ണ്ണം വിലപിടിപ്പുള്ള ലോഹമാണെന്ന യാഥാര്‍ത്ഥ്യം ഒരു പ്രദേശത്തെയോ രാജ്യത്തെയോ മാത്രം ബാധിക്കുന്ന ഒന്നല്ല, ലോകത്തെ മുഴുവന്‍ ബാധിക്കുന്നതാണ്. അതിനാല്‍ ഇവിടെ goldനു മുമ്പില്‍ the ഇല്ല. അതേപോലെ രണ്ടാമത്തെ വാക്യത്തില്‍ silver, gold എന്നിവയ്ക്കു മുന്നിലും the ചേര്‍ക്കാതിരിക്കാനുളള കാരണം ആ പദങ്ങള്‍ പൊതുവായ ആശയത്തില്‍ ഉപയോഗിച്ചുവെന്നതുതന്നെ. വെളളികൊണ്ടും സ്വര്‍ണ്ണം കൊണ്ടുമുണ്ടാക്കിയ പാത്രങ്ങള്‍ ആ ക്ഷേത്രത്തിലുണ്ട് എന്നാണല്ലോ ആ വാക്യത്തിന്റെ അര്‍ത്ഥം. ഒരു നിശ്ചിത ക്ഷേത്രമായതിനാലാണ് templeനു മുമ്പില്‍ the ചേര്‍ത്തി രിക്കുന്നത്. Make of, make from എന്നിവയ്ക്കു ശേഷം വരുന്ന വസ്തുനാമത്തിനു മുമ്പില്‍ the ചേര്‍ക്കാതിരിക്കുന്നത് അവക്ക് പൊതുവായ അര്‍ത്ഥം വരുന്നതുകൊണ്ടാണ്.

Flour is made from wheat. 

Her dress was made of silk. 

വസ്തുനാമങ്ങള്‍ രണ്ടു തരത്തിലുണ്ട്. എണ്ണാന്‍ കഴിയുന്നവയും (countable nouns) എണ്ണാന്‍ കഴിയാത്തവയും (uncountable nouns). Gold, silver, sand, bread, lead, butter, grass, meat, rice, milk, cheese, paper തുടങ്ങിയവ uncountable ആണ്. അതേസമയം book, pen, torch, desk, apple, orange, sweet, aeroplane, bus, ship, library, school എന്നിവ countable ആണ്. പൊതുവായ ആശയത്തില്‍ ഉപയോഗിക്കുന്ന വസ്തുനാമം എണ്ണാന്‍ കഴിയുന്ന വിഭാഗത്തില്‍ പെട്ടതാണെങ്കില്‍ ഒന്നുകില്‍ ഏകവചനം ഉപയോഗിക്കണം അല്ലെങ്കില്‍ ബഹുവചനം ഉപയോഗിക്കണം. ഏകവചനത്തിലുപയോഗിക്കുന്ന വസ്തുനാമത്തിനു   മുമ്പില്‍ the ചേര്‍ക്കണം. ബഹുവചനത്തില്‍ ചേര്‍ക്കേണ്ടതില്ല.

The aeroplane can fly very fast.

Aeroplanes can fly very fast.

ഈ രണ്ടുദാഹരണങ്ങളുടെയും ആശയം ഒന്നുതന്നെ. ആദ്യത്തേതില്‍ വെറും aeroplane എന്നെഴുതുന്നതും രണ്ടാമത്തേതില്‍ the aeroplanes എന്നെഴുതുന്നതും തെറ്റാണ്. ആദ്യത്തെ വാക്യത്തില്‍ theയുടെ സ്ഥാനത്ത് anഉം ഉപയോഗിക്കാം. 

പൊതുവായ ആശയത്തിലുപയോഗിക്കുന്ന വസ്തുനാമങ്ങള്‍ക്കു മുന്നില്‍ the ചേര്‍ക്കാന്‍ പാടിെല്ലന്ന് നിങ്ങള്‍ മനസ്സിലാക്കി. എന്നാല്‍ പ്രത്യേകതയെ സൂചിപ്പിക്കുന്ന വസ്തുനാമത്തിനു മുന്നില്‍ ചേര്‍ക്കണം. അതായത്, സാര്‍വത്രികമായ ആശയത്തില്‍ ഉപയോഗിക്കാത്ത വസ്തുനാമത്തിനു മുന്നില്‍ the ചേര്‍ക്കണം:

The gold you gave me is of poor qualtiy

Somebody stole the lead from the box.

The mangoes on our tree are not yet ripe.

മേല്‍ക്കൊടുത്ത മൂന്നുദാഹരണങ്ങളിലും വസ്തുനാമങ്ങള്‍ ഉപയോഗിച്ചിരിക്കുന്നത് പൊതുവായ ആശയത്തിലല്ല.  പ്രത്യേകമായ ആശയത്തിലാണ്. ആദ്യത്തേതിന്റെ അര്‍ത്ഥം നിങ്ങളെനിക്കു തന്ന സ്വര്‍ണ്ണം താണതരത്തിലുളളതാണെന്നാണ്. സ്വര്‍ണ്ണത്തിന്റെ പ്രത്യേകത ഇവിടെ സൂചിപ്പിക്കുന്നുണ്ട്. നിങ്ങളെനിക്കുതന്ന തന്ന സ്വര്‍ണ്ണം മാത്രമാണ് താണതരത്തിലുളളത്. അല്ലാതെ ലോകത്തെമ്പാടുമുളള സ്വര്‍ണ്ണമല്ല. രണ്ടാമത്തെ വാക്യത്തിന്റെ അര്‍ത്ഥം പെട്ടിയില്‍ നിന്ന് ആരോ ഈയം കട്ടുവെന്നാണ്. പെട്ടിയിലെ ഈയത്തെമാത്രം പരാമര്‍ശിക്കുന്നതിനാല്‍ leadനു മുമ്പില്‍ the ചേര്‍ത്തു. ഒരു നിശ്ചിത പെട്ടിയിലായതിനാലാണ് boxനു മുമ്പിലും the ചേര്‍ത്തത്. മൂന്നാമത്തേതിന്റെ അര്‍ത്ഥം ഞങ്ങളുടെ വൃക്ഷത്തിലുളള മാങ്ങകള്‍ ഇനിയും പഴുത്തിട്ടില്ല എന്നാണ്. Mangoes എന്ന വസ്തുനാമം ഇവിടെ ഉപയോഗിച്ചിരിക്കുന്നത് പൊതുവായ ആശയത്തിലല്ല. അതിനാലാണ് mangoesനു മുന്നില്‍ the ചേര്‍ത്തത്.

=================================

PRACTICE QUESTION:

1. It is ....... book that won the prize

a) a b) the

c) an d) any )

2. The Ganga is ....... sacred river.

a) the b) an

c) a d) no article

3. I am ....... universtiy student.

a) a b) an

c the d) no article

4. He works eight hours ....... day.

a) the b) one

c) a d) an

5. ........ moon goes round the earth.

a) the b) an

c) a d) one

6. ........ novel you gave me is very interesting.

a) an b) a

c) those d) the

7. Does her name begin with ...... F'?

a) a b) the

c) an d) none

8. I went to ....... hospital to see my uncle.

a) a b) an

c) the d) some

9. You must turn to ....... left.

a) a b) an

c) the d) no article

10. He is ....... honest man.

a) a b) an

c) the d) none of these

11. Are you coming to ....... patry next Saturday?

a) the b) a

c) an d) no article

12. I bought ....... new TV set yesterday.

a) the b) a

c) an d) no article

13. I think ....... man over there is very ill. He can't stand on his feet.

a) the b) an

c) a d) no article

14. I watched ....... video you had sent me.

a) a b) an

c) the d) no article

15. She was wearing ....... ugly dress when she met him.

a) a b) an

c) the d) no article

16. I am crazy about reading ....... history books.

a) a b) an

c) the d) no article

17. She is ....... nice girl.

a) the b) a

c) an d) no article

18. Do you want to go to ....... restaurant where we first met?

a) the b) a

c) an d) no article

19. He is ....... engineer.

a) the b) a

c) an d) no article

20. He thinks that ....... love is what will save us all.

a) the b) a     

c) an d) no article


ANSWERS:

1. b  2. c  3. a  4. c  5. a  6. d  7. c  8. c  9. c  10. b  11. a  12. b  13. a  14. c  15. b  16. d  17. b  18. a  19. c  20. d

****************************




    

   


No comments:

Post a Comment