Tuesday, 3 May 2022

QUESTIONS OF ENGLISH - 01

                                        1

               GOING TO THE MOSQUE

അന്നൊരു ഞായറാഴ്ചയായിരുന്നു. ഒരു പുസ്തകം തയ്യാറാക്കുന്ന തിരക്കിലായിരുന്നു ഞാന്‍.  സമയം മുന്നുമണി കഴിഞ്ഞുകാണും. തത്സമയം എന്റെ വീടിന്റെ ഡോര്‍ബെല്‍ ശബ്ദിച്ചു. വാതില്‍ തുറന്നുനോക്കിയശേഷം എന്റെ മകന്‍ വന്ന് പറഞ്ഞു: നിങ്ങളെ കാണാന്‍ രണ്ടു പെണ്‍കുട്ടികള്‍ വന്നിരിക്കുന്നു. ഞാനവരെ എന്റെ എഴുത്തുമുറിയിലേക്ക് വരുത്തിച്ചു. മുറിയിലേക്ക് കടന്നുവന്ന അവരിലൊരാള്‍ പറഞ്ഞു: സര്‍, ഞങ്ങള്‍ തളാപ്പില്‍നിന്നും വരികയാണ്. എന്റെ പേര് ഷാഹിന. ഇതെന്റെ കൂട്ടുകാരി വര്‍ഷ. ഞങ്ങള്‍ ഡിഗ്രി ഒന്നാംവര്‍ഷവിദ്യാര്‍ത്ഥികളാണ്. വിഷയം ഇംഗ്ലീഷാണ്. ഞങ്ങള്‍ക്ക് വളരെ താല്‍പര്യമുള്ള വിഷയമാണ് ഇംഗ്ലീഷ്. ഇംഗ്ലീഷിലുള്ള ഞങ്ങളുടെ സംശയങ്ങള്‍ക്ക് പരിഹാരം തേടിയാണ് ഞങ്ങള്‍ സാറിന്റെയടുത്ത് വന്നിരിക്കുന്നത്. സാര്‍ ഞങ്ങളെ സഹായിക്കണം.

കണ്ണൂര്‍ ടൗണില്‍നിന്നും കുറച്ചകലെയായി സ്ഥിതിചെയ്യുന്ന തളാപ്പില്‍നിന്നും എന്നെത്തേടി വന്ന സുന്ദരികളായ ഈ പെണ്‍കുട്ടികളെ എങ്ങനെ നിരാശപ്പെടുത്തും? എന്റെ തിരക്ക് മാറ്റിവെച്ച് അവരെ സഹായിക്കാന്‍ ഞാന്‍ തീരുമാനിച്ചു. ഞാനവരോട് പറഞ്ഞു: ശരി, ഇത്രയും ദൂരെനിന്ന് വന്ന നിങ്ങളെ ഞാന്‍ നിരാശപ്പെടുത്തുന്നില്ല. സംശയങ്ങള്‍ ചോദിച്ചോളൂ.


ഷാഹിന: ഞങ്ങള്‍ പഠിച്ചിട്ടുള്ളത് church-ല്‍ പ്രാര്‍ത്ഥനക്കായി പോകുമ്പോള്‍ go to church എന്ന് പറയണമെന്നും പ്രാര്‍ത്ഥനക്കല്ല പോകുന്നതെങ്കില്‍ go to the church എന്ന് പറയണമെന്നുമാണ്. ഞങ്ങള്‍ പഠിച്ച എല്ലാ textbooks-ലും church-നെക്കുറിച്ചു മാത്രമേ പ്രതിപാദിക്കുന്നുള്ളൂ. Mosque, temple എന്നിവക്കും ഇതേ നിയമം ബാധകമല്ലേ?

@ ഷാഹിനയുടെ ചോദ്യം ചിന്തനീയമാണ്.  പുസ്തകങ്ങള്‍ പലപ്പോഴും നമ്മുടെ എല്ലാ സംശയങ്ങളും പരിഹരിക്കാന്‍ സഹായകരമല്ല. Church-ലേക്ക് പോകുന്നത് പ്രാര്‍ത്ഥിക്കാനാണെങ്കില്‍ I am going to church എന്നാണ് പറയേണ്ടതെന്ന് എല്ലാ വ്യാകരണപുസ്തകങ്ങളും പഠിപ്പിക്കുന്നുണ്ട്. അതേസമയം church-ലേക്ക് പോകുന്നത് പ്രാര്‍ത്ഥനക്കല്ലെങ്കില്‍ I am going to the church എന്നാണല്ലോ പറയേണ്ടത്.....

വര്‍ഷ: സര്‍, ഇടക്കൊന്ന് ചോദിച്ചോട്ടെ.  ഒരു പ്രത്യേക church-ലേക്കാണ് പോകുന്നതെന്ന് സൂചിപ്പിക്കാന്‍ I am going to the church എന്നുതന്നെ പറയണ്ടേ?

@ തീര്‍ച്ചയായും. എവിടെയൊക്കെ the ഉപയോഗിക്കരുതെന്ന് പറയുന്നുവോ അവിടെയൊക്കെ പ്രത്യേകത കാണിക്കേണ്ടിവരുമ്പോള്‍ the ഉപയോഗിക്കണം. ഉദാഹരണത്തിന്, ഭാഷകളുടെ പേരിനുമുമ്പില്‍ the ഉപയോഗിക്കരുതെന്നാണ് നിയമം. അതിനാല്‍, I like speaking English എന്നേ പറയാവൂ.  എന്നാല്‍ The English Sharmila speaks is melodious എന്ന വാക്യത്തില്‍ English-നുമുമ്പില്‍ the ചേര്‍ക്കണം. ഇവിടെ ആദ്യവാക്യത്തില്‍ English പൊതുവായ ആശയത്തിലാണ് ഉപയോഗിച്ചിരിക്കുന്നത്. എന്നാല്‍ രണ്ടാമത്തെ വാക്യത്തില്‍ പ്രത്യേകമായ ആശയത്തിലാണ് ഉപയോഗിച്ചിരിക്കുന്നത്. അതായത്, ഷര്‍മ്മിള സംസാരിക്കുന്ന English-നെയാണ് melodious എന്ന് വിശേഷിപ്പിക്കുന്നത്. എല്ലാ English-ഉം melodious അല്ല.

വര്‍ഷ: The English language എന്ന് പറഞ്ഞുകൂടേ?

@ ഭാഷയുടെ പേരിനുശേഷം language എന്ന് ചേര്‍ക്കുമ്പോള്‍ the ഉപയോഗിക്കാറുണ്ട്. പക്ഷേ, പലരും ഓര്‍ക്കാത്ത ഒരു കാര്യമുണ്ട്. My sister is learning (the) Arabic language എന്ന് പറയരുത്. പകരം My sister is learning Arabic എന്നുമതി. കാരണം, know, learn, speak എന്നീ വാക്കുകള്‍ക്കുശേഷം ഭാഷയുടെ പേരുമാത്രം ഉപയോഗിച്ചാല്‍ മതി. ഭാഷയുടെ പേരിനൊപ്പം language എന്ന് ചേര്‍ക്കരുത്. അതേസമയം, ഭാഷയുമായി ബന്ധപ്പെട്ട എന്തെങ്കിലും കാര്യം പറയുമ്പോള്‍ the English language എന്ന് പറയാം. ഉദാഹരണത്തിന്, The English language has influenced Keralites very much recently.

ഷാഹിന: അങ്ങനെയെങ്കില്‍ I am teaching English എന്നാണോ പറയേണ്ടത് അതോ I am teaching the English language എന്നോ?

@ I am teaching English എന്നുമതി. 

ഷാഹിന: സര്‍, church-ന്റെ കാര്യം പൂര്‍ത്തിയാക്കിയിട്ടില്ല.

@ ഓര്‍മ്മയുണ്ട്. നമ്മളോര്‍ക്കേണ്ടതും textbooks-ല്‍ കാണാത്തതുമായ ഒരു കാര്യമുണ്ട്. The ചേര്‍ക്കണമോ വേണ്ടയോ എന്ന കാര്യം church, chapel എന്നിവയുടെ കാര്യത്തില്‍ ശ്രദ്ധിച്ചാല്‍ മതി. Mosque, temple, synagogue, cathedral എന്നിവയുടെ കൂടെ സദാ the ഉണ്ടായിരിക്കണം. അതായത്, mosque-ല്‍ പോവുന്നത് നമസ്‌ക്കരിക്കാനാണെങ്കിലും ശരി അല്ലെങ്കിലും ശരി I am going to the mosque എന്നുതന്നെ പറയണം. I am going to mosque എന്നത് വ്യാകരണമനുസരിച്ച് തെറ്റാവും. ഇനി എന്തിനു പോവുന്നു എന്ന് പ്രത്യേകമായി സൂചിപ്പിക്കണമെങ്കില്‍ അക്കാര്യം കൂട്ടിച്ചേര്‍ത്ത് പറയുക. I am going to the mosque to pray; I am going to the mosque to whitewash it; I am going to the mosque to see the khatheeb എന്നിങ്ങനെ പറയാം.

വര്‍ഷ: സംസാരിക്കുമ്പോള്‍ the ഒഴിവാക്കിയാലോ?

@ സംസാരഭാഷയും എഴുത്തുഭാഷയും തമ്മില്‍ സ്വല്‍പ്പം വ്യത്യാസം കാണും. ഇത് എല്ലാ ഭാഷക്കും ബാധകമാണ്. സംസാരിക്കുമ്പോള്‍ the ഒഴിവാക്കിയാല്‍ വലിയ കുഴപ്പമില്ല. എന്നാല്‍ എഴുത്തില്‍ ഒഴിവാക്കരുത്.

ഷാഹിന: ഇംഗ്ലീഷില്‍ ഏറ്റവും കൂടുതലായി ഉപയോഗിക്കുന്ന വാക്ക് the ആണെന്ന് കേട്ടിട്ടുണ്ട്. ശരിയാണോ സര്‍?

@ ശരിയാണ്. എഴുത്തുഭാഷയിലാണ് the ഏറ്റവും കൂടുതലായി ഉപയോഗിക്കുന്നത്.  സംസാരഭാഷയില്‍ ഏറ്റവും കൂടുതലായി ഉപയോഗിക്കുന്ന വാക്ക് I ആണ്. മറ്റൊരു കാര്യം കൂടി ഓര്‍ക്കണം. മിക്കയിടത്തും അര്‍ത്ഥരഹിതമായി ഉപയോഗിക്കുന്ന വാക്കാണ് the. ഇതിന്റെ നിയമങ്ങള്‍ ശരിയാംവണ്ണം ഓര്‍ത്തിരിക്കുകയെന്നത് സ്വല്‍പ്പം ബുദ്ധിമുട്ടുള്ള കാര്യംകൂടിയാണ്.

വര്‍ഷ: The English എന്നതിന് ഇംഗ്ലീഷുകാര്‍ എന്നും അര്‍ത്ഥമില്ലേ?

@ ഉണ്ട്. ഇതുപോലെ ഒരു ഭാഷ സംസാരിക്കുന്നവരെ സൂചിപ്പിക്കാന്‍ ഭാഷയുടെ പേരിനുമുമ്പില്‍ the ചേര്‍ക്കാം: the French (ഫ്രഞ്ചുകാര്‍), the Japanese (ജപ്പാന്‍കാര്‍), the Chinese (ചൈനക്കാര്‍).

ഷാഹിന: പത്രങ്ങളുടെ പേരിനുമുമ്പില്‍ the വെക്കണമെന്ന് നിര്‍ബന്ധമുണ്ടോ?

@ പത്രങ്ങളുടെ പേരിനുമുമ്പില്‍ the വെക്കണമെന്ന് എല്ലാ വ്യാകരണഗ്രന്ഥങ്ങളും നമ്മെ പഠിപ്പിക്കുന്നുണ്ട്. ഇത്തരം ഗ്രന്ഥങ്ങള്‍ ഉദാഹരണമായി നല്‍കുന്നത് ഇംഗ്ലീഷ് പത്രങ്ങളുടെ പേരാണ്. The Hindu, The Times of India, The New Indian Express, The New York Times എന്നിങ്ങനെ. അതിനാല്‍ നമ്മള്‍ Malayala Manorama, Chandrika, Kala Kaumudi തുടങ്ങിയ മലയാളപത്രങ്ങളുടെ പേരിന്റെ കൂടെയും the സ്വാഭാവികമായും ചേര്‍ക്കുന്നു. അതിന്റെ ആവശ്യമില്ല എന്നതാണ് സത്യം. പത്രങ്ങളുടെ പേരിന്റെകൂടെ the ഇല്ലെങ്കില്‍ നമ്മള്‍ the ഉപയോഗിക്കേണ്ടതില്ല. ഇംഗ്ലീഷ് പത്രങ്ങളുടെ പേരിലാണ് സാധാരണ the ഉണ്ടാവുക. തദവസരത്തില്‍മാത്രം the ഉപയോഗിച്ചാല്‍ മതി.

വര്‍ഷ: മാഗസിന്‍സിന്റെ പേരിന്റെകൂടെ ഉപയോഗിക്കണമോ?

@ വേണ്ട. മാഗസിന്റെ പേര് the ഇല്ലാതെയാണ് ഇപ്പോള്‍ ഉപയോഗിക്കുന്നത്.  Span, India Today, Film Fare എന്നിങ്ങനെ മതി.

ഷാഹിന: Church, prison, school, college, hospital മുതലായവയുടെ പേരിനുമുമ്പില്‍ the വെക്കുകയും വെക്കാതിരിക്കുകയും ചെയ്യുന്നതുപോലെ bank-നുമുമ്പിലും അങ്ങനെ ചെയ്തുകൂടേ?

@ ഇത്തരം കാര്യങ്ങളില്‍ നിയമത്തിന് ഒരു വ്യക്തതയില്ലെന്നതാണ് സത്യം. School, college, university, church, chapel, prison, hospital, court മുതലായ കെട്ടിടങ്ങളുടെ പേരിനുമുമ്പില്‍ the വെക്കാതിരിക്കുന്നത് ഈ കെട്ടിടവുമായി ബന്ധപ്പെട്ട പ്രഥമ കാര്യത്തിനായി അവിടെ പോകുമ്പോഴാണ്.  ഒരു വിദ്യാര്‍ത്ഥി അല്ലെങ്കില്‍ ഒരു അദ്ധ്യാപകന്‍ കോളജിലേക്ക് പോകുമ്പോള്‍ പറയുക ഇങ്ങനെയായിരിക്കും: I am going to college. എന്നാല്‍ ഒരു പോസ്റ്റ്മാന്‍ പറയുക I am going to the college എന്നായിരിക്കും. ഒരു സ്ഥാപനം എന്താവശ്യത്തിനുവേണ്ടിയുള്ളതാണോ ആ ആവശ്യവുമായി ബന്ധപ്പെട്ട് സംസാരിക്കുമ്പോഴാണ് the ഒഴിവാക്കപ്പെടുന്നത്. ആ ആവശ്യത്തെ പരിഗണിക്കാതിരിക്കുമ്പോഴാണ് the ചേര്‍ക്കുന്നത്. എന്നാല്‍ bank, post office, airport, dentist’s, doctor’s, butcher’s, baker’s, barber’s, greengrocer’s, theatre, cinema മുതലായവയുടെ കൂടെ the എപ്പോഴും ഉപയോഗിക്കണം.  She went to the bank with her son എന്നതാണ് ശരി. ഇവിടെ the ഒഴിവാക്കരുത്.

വര്‍ഷ: സര്‍, പിറകുവശം എന്ന അര്‍ത്ഥത്തില്‍ നമ്മള്‍ backside എന്നുപയോഗിക്കാറുണ്ടല്ലോ. ഇംഗ്ലീഷില്‍ ബിരുദമുള്ള ഒരു പെണ്‍കുട്ടി ഇങ്ങനെ ഉപയോഗിക്കുന്നത് കേട്ടിട്ടുണ്ട്. ഈ പ്രയോഗം ശരിയല്ലെന്ന് എന്റെ ഒരു സ്‌നേഹിത പറഞ്ഞു......

@ സ്‌നേഹിതയുടെ അഭിപ്രായം തീര്‍ത്തും ശരിയാണ്. Backside എന്ന വാക്കിന്റെ അര്‍ത്ഥം buttocks (നിതംബം) എന്നാണ്. പിറകുവശത്തിന് back എന്നേ പറയാവൂ.

ഷാഹിന: നോമ്പിന് ഇംഗ്ലീഷില്‍ എന്താണ് പറയുക?

@ Fast എന്ന് പറയുന്നു. നോമ്പ് മുറിക്കുക എന്ന അര്‍ത്ഥത്തില്‍ break fast എന്ന് പറയും: Muslims break their fast on hearing magrib azan.  ഇവിടെ ഒരു കാര്യം സൂചിപ്പിക്കട്ടെ. നമ്മള്‍ breakfast (പ്രാതല്‍) എന്ന വാക്ക് ഉച്ചരിക്കുന്നത് ബ്രെയ്ക്ഫാസ്റ്റ് എന്നാണ്. ഇങ്ങനെ ഉച്ചരിച്ചാല്‍ അര്‍ത്ഥം നോമ്പ് മുറിക്കുക (break fast) എന്നാണ്. പ്രാതല്‍ എന്ന അര്‍ത്ഥം കിട്ടണമെങ്കില്‍ ബ്രെക്ഫസ്റ്റ് എന്നുച്ചരിക്കണം. ഇനിയുള്ള ചോദ്യങ്ങള്‍ അടുത്തയാഴ്ചയിലേക്ക് മാറ്റാം. നിങ്ങള്‍ രണ്ടുപേരും അടുത്ത ഞായറാഴ്ച ഇതേസമയം വന്നോളൂ. OK, let’s call it a day.

ഷാഹിന & വര്‍ഷ: Thank you, sir.

                                                        *************


No comments:

Post a Comment