Wednesday, 19 October 2022

07 - ETYMOLOGY OF POLICE

POLICE

നമ്മള്‍ സര്‍വ്വസാധാരണയായി ഉപയോഗിക്കുന്ന ഇംഗ്ലിഷ് വാക്കുകളിലൊന്നാണല്ലോ police. എന്നാല്‍ മലയാളത്തില്‍ പോലീസ് എന്ന് പറയുമ്പോള്‍ ഇംഗ്ലിഷുകാര്‍ ഈ വാക്ക് ഉച്ചരിക്കുന്നത് ഇങ്ങനെയല്ല എന്ന കാര്യം നമ്മള്‍ മനസ്സിലാക്കുന്നില്ല. അതിനാല്‍ മലയാളത്തിലെന്നപോലെ ഇംഗ്ലിഷിലും നമ്മള്‍ പോലീസ് എന്ന് പറയുന്നു. എന്നാല്‍ ഇംഗ്ലിഷ് എഴുതിയതുപോലെ എപ്പോഴും ഉച്ചരിക്കേണ്ട ഭാഷയല്ല എന്നതാണല്ലോ യാഥാര്‍ത്ഥ്യം. Police എന്ന വാക്ക് ഇംഗ്ലിഷുകാര്‍ പറയുന്നത് പലീസ് എന്നാണ്. ഇംഗ്ലിഷ് ഉച്ചാരണത്തോട് ബഹുമാനം കാണിക്കുന്ന മലയാളത്തിലെ ഒരു പത്രമാണ് മലയാള മനോരമ. ഈ പത്രത്തില്‍ വരുന്ന ഇംഗ്ലിഷ് വാക്കുകള്‍ പലപ്പോഴും നമുക്ക് തെറ്റായി തോന്നിയേക്കാം. മനോരമ വിസയെ വീസ എന്നും കാസറ്റിനെ കസെറ്റ് എന്നുമൊക്കെ എഴുതുമ്പോള്‍ മനോരമയാണ് ശരിയെന്ന് നാം മനസ്സിലാക്കണം. നമ്മുടെ ഇംഗ്ലീഷിനെ മനോരമയും ഡിസി ബുക്‌സും ഇംഗ്ലിഷ് എന്നാക്കി മാറ്റിയെങ്കില്‍ ഇവരുടേതാണ് ശരിയെന്ന് നാം മനസ്സിലാക്കണം. English-ലെ i എന്ന അക്ഷരം എന്ന് നീട്ടി ഉച്ചരിക്കേണ്ടതില്ല; എന്നു മതി. മനോരമ പോലീസ് എന്ന് എഴുതാറില്ല. പകരം പൊലീസ് എന്നാണ് എഴുതുന്നത്. പലീസ് എന്ന് എഴുതുമ്പോള്‍ മലയാളികള്‍ക്കുണ്ടായേക്കാവുന്ന കല്ലുകടി ഒഴിവാക്കാനാവും ഇങ്ങനെ ഉപയോഗിക്കുന്നത്. 

Police എന്ന വാക്കിന്റെ ഉത്ഭവത്തിലേക്ക് കടക്കുമ്പോള്‍ പലരും പറയാറുള്ളത് politeness, obedience, loyalty, intelligence, courage, efficiency എന്നീ വാക്കുകളുടെ ആദ്യാക്ഷരങ്ങള്‍ ചേര്‍ന്നാണ് police എന്ന വാക്കുണ്ടായതെന്നാണ്. തീര്‍ച്ചയായും police-ന് ഉണ്ടായിരിക്കേണ്ട ആറ് ഗുണങ്ങള്‍ തന്നെയാണിവ. എന്നാല്‍ police എന്ന വാക്കിന്റെ ഉത്ഭവം ഇങ്ങനെയല്ല എന്നതാണ് വസ്തുത. 

വാക്കുകളുടെ ആദ്യാക്ഷരങ്ങള്‍ ചേര്‍ത്ത് പുതിയൊരു വാക്കുണ്ടാക്കുന്ന രീതി ഇംഗ്ലിഷില്‍ ഉണ്ട്. ഇത്തരം വാക്കുകളെ acronym എന്നാണ് പറയുന്നത്. Laser, radar, Nato, Opec, Unesco മുതലായവ acronyms ആണ്. 

Police-ന്റെ ഉത്ഭവം തേടിപ്പോയാല്‍ നാം ചെന്നെത്തുക നഗരം എന്നര്‍ത്ഥം വരുന്ന polis എന്ന ഗ്രീക്ക് പദത്തിലാണ്. ഈ വാക്കില്‍നിന്നു polites (പൗരന്‍) എന്ന വാക്കുണ്ടായി. ഇതില്‍നിന്ന് politeia (പൗരത്വം) എന്ന വാക്ക് വന്നു. ഈ ഗ്രീക്ക് വാക്ക് ലാറ്റിന്‍ ഭാഷയിലേക്ക് കടന്നപ്പോള്‍ politia (പൗരത്വം, ഭരണം) എന്ന വാക്ക് ജനിച്ചു. മദ്ധ്യകാലത്തെ ഈ ലാറ്റിന്‍ വാക്കിനെ ഫ്രഞ്ചു ഭാഷ പൊതുക്രമസമാധനനില എന്ന അര്‍ത്ഥത്തില്‍ കടമെടുത്തു. 15-ാം നൂറ്റാണ്ടിന്റെ അവസാനത്തില്‍ ഈ ഫ്രഞ്ചു വാക്കിലൂടെയാണ് ഇംഗ്ലിഷിലെ police കടന്നുവന്നത്. ഇന്നത്തെ അര്‍ത്ഥത്തില്‍ police എന്ന വാക്ക് ഉപയോഗിച്ചുതുടങ്ങിയത് 19-ാം നൂറ്റാണ്ടിന്റെ തുടക്കത്തിലാണ്. 

പൊലീസുകാരന് policeman എന്നാണല്ലോ പറയുക. 1790-ല്‍ ഇംഗ്ലിഷിലെത്തിയ വാക്കാണിത്. ഇതേ അര്‍ത്ഥത്തിലുപയോഗിക്കുന്ന മറ്റു രണ്ടു വാക്കുകളാണ് bobby, peeler എന്നിവ. 1829-ല്‍ ലണ്ടന്‍ പൊലീസ് സേന സ്ഥാപിച്ച ബ്രിട്ടിഷ് പ്രധാനമന്ത്രിയായിരുന്ന സര്‍ റോബര്‍ട്ട് പീലിന്റെ (1788-1850) പേരില്‍ നിന്നാണ് ഈ രണ്ടു വാക്കുകളും ഉണ്ടായത്. ആളുകളുടെ പേരില്‍നിന്നും ഉണ്ടായ ധാരാളം വാക്കുകള്‍ ഇംഗ്ലിഷില്‍ ഉണ്ട്. നമുക്കൊക്കെ ഏറെ സുപരിചിതമായ boycott എന്ന വാക്കിന്റെ ഉത്ഭവം ഇത്തരത്തിലാണ്. 1880-ല്‍ ഇംഗ്ലിഷില്‍ ജനിച്ച ഈ വാക്കിന്റെ പിറകിലെ വ്യക്തി Capt. Charles C. Boycott (1832-1897) എന്നു പേരായ ഐറിഷ് ഭൂമി എജന്റാണ്. കുടിയാന്മാരായ കര്‍ഷകരുടെ വാടക കുറക്കാന്‍ വിസമ്മതിച്ച Boycott-ന് ജനങ്ങള്‍ ഊരുവിലക്ക് ഏര്‍പ്പെടുത്തിയതോടെയാണ് ഇത്തരമൊരു വാക്ക് ഇംഗ്ലിഷിലേക്ക് കടന്നുവന്നത്. ഇത്തരത്തില്‍ വ്യക്തികളുടെ പേരില്‍നിന്ന് ജനിക്കുന്ന വാക്കുകളെ ഇംഗ്ലിഷില്‍ വിളിക്കുന്നത് eponyms എന്നാണ്.

         ********************************* 


No comments:

Post a Comment