Sunday, 12 June 2022

RSVP

                                                                      RSVP

കുറച്ചു വർഷങ്ങൾക്കു മുമ്പ് പോലീസ് ലാത്തിച്ചാർജിൽ കലാശിക്കത്തക്കവിധത്തിൽ അത്രയും വിപുലമായ ഒരു കല്യാണം എന്റെ നാട്ടിൽ നടക്കുകയുണ്ടായി. ഈ കല്യാണത്തിന്റെ ക്ഷണക്കത്തിലാണ് ഇംഗ്ലിഷുകാർ ഉപയോഗിക്കാറുള്ള RSVP എന്ന പ്രയോഗം ഞാനാദ്യമായി കാണുന്നത്. വിദ്യാസമ്പന്നരടക്കം പലരോടും ഈ RSVP എന്താണെന്ന് ചോദിച്ചപ്പോൾ അവർക്കാർക്കും ഇതെന്താണെന്ന് അറിയില്ലായിരുന്നു. നമ്മുടെ നാട്ടുകാർക്ക് തീരെ സുപരിചിതമല്ലാത്ത ചുരുക്ക വാക്കാണ് RSVP. നിങ്ങൾക്ക് RSVP ക്ഷണക്കത്തുകളിൽ ഉപയോഗിക്കുന്നത് എന്തിനാണെന്ന് അറിയാമോ? ഇല്ലെങ്കിൽ അത് പഠിച്ചോളൂ. ഇംഗ്ലിഷുകാരുടെ ശീലമാണ് വിവാഹക്ഷണക്കത്തുകളിൽ RSVP ഉപയോഗിക്കൽ. ഈ വാക്കിനൊപ്പം ഫോൺ നമ്പറോ നമ്പറുകളോ ഉണ്ടായിരിക്കും. ഇക്കാലത്ത് email id യും നൽകാറുണ്ട്. ചിലപ്പോൾ മറുപടി അയക്കാൻ ഒരു reply card ആയിരിക്കും ഉണ്ടാവുക. ഇവയിലേതുപയോഗിച്ചും ക്ഷണിക്കപ്പെടുന്നയാൾ ക്ഷണിച്ചയാൾക്ക് കല്യാണത്തിൽ പങ്കെടുക്കുമോ ഇല്ലയോ എന്ന് അറിയിക്കണം. Répondez s'il vous plaît എന്ന ഫ്രഞ്ച് വാചകത്തിന്റെ ചുരുക്കമാണ് RSVP. ഇതിന്റെ അർത്ഥം Please Reply എന്നാണ്. കല്യാണത്തിന് എത്ര പേർ വരുമെന്ന് കൃത്യമായി അറിയാനാണ് RSVP ഉപയോഗിക്കുന്നത്. വരുന്നവരുടെ എണ്ണം അറിഞ്ഞാൽ അതിനനുസരിച്ചുള്ള ഭക്ഷണം തയ്യാറാക്കിയാൽ മതിയല്ലോ. ഇതുമൂലം ഭക്ഷണം ബാക്കിയാവുന്നു അവസ്ഥ ഉണ്ടാവുന്നില്ല. നേരെ മറിച്ച് നമ്മുടെ നാട്ടിൽ ഓരോ കല്യാണത്തിനും എത്രമാത്രം ഭക്ഷണമാണ് ബാക്കിയായി പോകുന്നത്. കല്യാണത്തിന് വരുന്നവരുടെ എണ്ണം കൃത്യമായി അറിയാത്തത് കൊണ്ടാണല്ലോ ഇങ്ങനെ സംഭവിക്കുന്നത്. ഇംഗ്ലിഷുകാർക്ക് മറ്റൊരു നല്ല സ്വഭാവം ഉണ്ട്. അവർ No എന്ന് പറഞ്ഞാൽ എപ്പോഴും No തന്നെ ആയിരിക്കും; Yes എന്ന് പറഞ്ഞാൽ എപ്പോഴും Yes തന്നെ ആയിരിക്കും. എന്നാൽ നമുക്ക് ഇക്കാര്യത്തിൽ സ്ഥിരത ഇല്ല എന്നതാണ് സത്യം. നമ്മൾ ഒരിക്കൽ പറയുന്ന No പിന്നീട് Yes ആയി മാറുന്നു. അതുപോലെ ഒരിക്കൽ പറയുന്നു Yes പിന്നീട് No ആയി മാറുകയും ചെയ്യുന്നു. കല്യാണത്തിന് പങ്കെടുക്കും എന്ന് പറഞ്ഞിട്ട് പങ്കെടുക്കാതെ ഇരിക്കുകയും പങ്കെടുക്കില്ല എന്ന് പറഞ്ഞിട്ട് പങ്കെടുക്കുകയും ചെയ്യുന്നവരുടെ നാടാണ് നമ്മുടേത്. അതിനാൽ ഈ RSVP നമുക്ക് അനുയോജ്യം ആവും എന്ന് തോന്നുന്നില്ല.

2 comments:

  1. ഒരു പുത്തൻ അറിവ് 😄

    ReplyDelete
    Replies
    1. പുത്തൻ അറിവ് നൽകാൻ കഴിഞ്ഞതിൽ സന്തോഷം.

      Delete