Tuesday, 25 April 2023

USED TO / BE USED TO

 USED TO / BE USED TO

പലപ്പോഴും ആശയക്കുഴപ്പത്തിലേക്ക് എത്തിക്കുന്ന രണ്ടു പ്രയോഗങ്ങളാണ് used to, be used to എന്നിവ. ഇവയില്‍ used to ഉപയോഗിക്കുന്നത് ഒരു സഹായക ക്രിയ (auxiliary verb) എന്ന നിലയിലാണ്. കഴിഞ്ഞുപോയ കാലത്ത് പതിവായി നടന്നിരുന്നതോ കണ്ടിരുന്നതോ ആയ ഒരു കാര്യത്തെക്കുറിച്ച് പറയാനാണ് used to ഉപയോഗിക്കുന്നത്.

She used to follow him wherever he went.

ഈ വാക്യം നോക്കുക. 'അവന്‍ പോകുന്നിടത്തൊക്കെ അവന്റെ പിന്നാലെ പോവുന്ന ശീലം അവള്‍ക്കുണ്ടായിരുന്നു' എന്നാണ് ഈ വാക്യം പറയുന്നത്. അതായത്, ഇങ്ങനെ പോവുന്നത് അവളുടെ പണ്ടത്തെ ശീലമായിരുന്നു. അവളിത് ഒന്നോ രണ്ടോ ദിവസമല്ല ചെയ്തത്. പകരം പതിവായി ചെയ്തു. എന്നാല്‍ ആ ശീലം അവള്‍ക്ക് ഇന്നില്ല. ഇത്തരത്തില്‍ കഴിഞ്ഞ കാലത്തെ പതിവു പ്രവൃത്തി അഥവാ ശീലം കാണിക്കാന്‍ used to ആണുപയോഗിക്കേണ്ടത്.

I used to share a bedroom with my brother.

My sister used to read The Hindu as a college student.

Used to-വിനുശേഷം ഉപയോഗിക്കേണ്ടത് ക്രിയയുടെ ഒന്നാമത്തെ രൂപമാണ്. അതായത്, base form of verb (V1). പകരം My sister used to reading എന്നു പറഞ്ഞാല്‍ തെറ്റാണ്. Used to, negative-ലേക്ക് മാറ്റുമ്പോള്‍ used not to, used to not, usedn't to, usen't to  എന്നിങ്ങനെ ഉപയോഗിക്കാം. എന്നാല്‍ സാധാരണ ഉപയോഗിക്കുന്നത് didn't use to എന്നാണ്. ഇതിനു പകരം didn't used to എന്ന പ്രയോഗവും നിലവിലുണ്ട്. അതേസമയം, did-നുശേഷം used വരുന്നതിനാല്‍ ഇത് തെറ്റാണെന്ന അഭിപ്രായമുള്ളവരുമുണ്ട്. 

Used to ഉപയോഗിച്ചു വരുന്ന വാക്യത്തിന്റെ question tag-ല്‍ used ഉപയോഗിക്കാന്‍ പാടില്ല എന്ന കാര്യം പ്രത്യേകം ശ്രദ്ധിക്കണം. ഇവിടെ didn't തന്നെയാണ് ഉപയോഗിക്കേണ്ടത്:

She used to help you with money before her marriage, didn't she?

മുമ്പു കാലത്ത് പതിവായി ചെയ്ത കാര്യത്തെക്കുറിച്ച് അഥവാ അക്കാലത്തെ ശീലത്തെക്കുറിച്ച് പറയുമ്പോള്‍ മാത്രമേ used to ഉപയോഗിക്കാവൂ. കഴിഞ്ഞ കാലത്ത് ശീലമല്ലാതെ നടന്ന കാര്യത്തെക്കുറിച്ച് പറയുകയാണെങ്കില്‍ simple past tense ഉപയോഗിക്കണം:

Rajesh visited Malampuzha three times last year.

ഇവിടെ Rajesh used to visit Malampuzha three times last year എന്നു പറയരുത്.

Be used to ഉപയോഗിക്കുന്നത് കഴിഞ്ഞ കാലത്തെ മാത്രമായി കാണിക്കാനല്ല. മറിച്ച് ഒരു കാര്യത്തിലുള്ള പരിചയത്തെ കാണിക്കാനാണ്. 

I am used to travelling by air.

ഈ വാക്യത്തിന്റെ അര്‍ത്ഥം 'വിമാനത്തില്‍ യാത്ര ചെയ്ത് എനിക്ക് നല്ല പരിചയമുണ്ട്' എന്നാണ്. പരിചയമില്ലാത്തപക്ഷം I am not used to travelling by air എന്നു പറയാം. ഇവിടെ be used to-വിനുശേഷം വരുന്നത് -ing verb എന്ന കാര്യം പ്രത്യേകം ശ്രദ്ധിക്കുക. സാധാരണ am, is, are, was, were എന്നിവക്കുശേഷം -ing verb ആണല്ലോ ഉപയോഗിക്കുന്നത്. ഇക്കാര്യം ഇവിടെയും ഓര്‍ത്തുവെച്ചാല്‍ മതി. I am used to travel by air എന്നത് തെറ്റാണ്. ഇവിടെ am ഇല്ലെങ്കില്‍ to travel എന്നാണ് വരിക (I used to travel by air). മറ്റൊരു കാര്യം ശ്രദ്ധിക്കേണ്ടത് be used to-വിനുശേഷം verb-നു പുറമെ noun-ഉം ഉപയോഗിക്കാമെന്നതാണ്. 

I am used to my father's anger.

എന്നാല്‍ used to-വിനുശേഷം verb മാത്രമേ ഉപയോഗിക്കാവൂ.

Be used to അടങ്ങുന്ന വാക്യത്തിന്റെ question tag ഉണ്ടാക്കേണ്ടത് വാക്യത്തിലെ auxiliary verb അടിസ്ഥാനമാക്കിയാണ്:

I am used to my father's anger, aren't I?

She is not used to preparing biriyani, is she?

Be used to-നു പുറമെ get used to, become used to എന്നിങ്ങനെയും പ്രയോഗങ്ങളുണ്ട്.

You will soon get used to the work.

He can't get used to working nights.

He'll soon become used to eating sandwiches.

ഇവ അടങ്ങുന്ന വാക്യങ്ങളുടെ question tag വരുന്നത് get, become എന്നിവയെയോ വാക്യത്തിലെ സഹായക ക്രിയകളെയോ അടിസ്ഥാനമാക്കിയായിരിക്കും.

You will soon get used to the work, won't you?

He can't get used to working nights, can he?

We got used to the constant noise of the traffic, didn't we?

*************************************


No comments:

Post a Comment