3
HARDLY ....... THAN
ഷാഹിന & വര്‍ഷ: Good afternoon, Sir.
@ Good afternoon.
ഷാഹിന: സര്‍, ഇംഗ്ലീഷ് പത്രങ്ങളില്‍ ഭാഷാപരമായ തെറ്റുകള്‍ വരാറുണ്ടോ?
@ ഭാഷ ഉപയോഗിക്കുന്ന ആര്‍ക്കും തെറ്റുപറ്റും. ഇതില്‍ പണ്ഡിത-പാമര വ്യത്യാസമില്ല. തെറ്റുപറ്റി എന്നതിന്റെ പേരില്‍ ഒരാള്‍ക്ക് വിവരമില്ല എന്ന് നാം വിധികല്‍പ്പിക്കരുത്. ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും പ്രശസ്തനായ ശാസ്ത്രജ്ഞനാരാണെന്നറിയാമോ, ഷാഹിനക്ക്?
ഷാഹിന: ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍?
@ തീര്‍ച്ചയായും. ലോകം കണ്ട ഏറ്റവും വലിയ ഗണിതശാസ്ത്രജ്ഞന്മാരില്‍ അഗ്രഗണ്യനുമാണ് അദ്ദേഹം. ഒരിക്കല്‍ ബസില്‍ യാത്ര ചെയ്യവേ, അദ്ദേഹത്തിന് കണ്ടക്റ്റര്‍ നല്‍കിയ ബാക്കിതുക കുറവാണെന്ന് കണ്ടപ്പോള്‍ ഇക്കാര്യം അദ്ദേഹം കണ്ടക്റ്ററോട് പറഞ്ഞു. കണ്ടക്റ്റര്‍ താന്‍ നല്‍കിയ ബാക്കി സംഖ്യ എണ്ണി നോക്കിയിട്ട് തനിക്കറിയാത്ത ഐന്‍സ്റ്റീനോട് പറഞ്ഞുവത്രേ: 'പോയിട്ട് കണക്കു പഠിച്ചിട്ട് വാ' എന്ന്! ഈ ഒരു സംഭവത്തിന്റെ പേരില്‍ ഐന്‍സ്റ്റീന് കണക്കറിയില്ല എന്ന് നമുക്ക് പറയാനാവുമോ? ലോകപ്രശസ്തരായ ഒട്ടേറെ മഹാന്മാരുടെ ജീവിതത്തില്‍ ഇത്തരത്തിലുള്ള അബദ്ധങ്ങള്‍ പലപ്പോഴും പറ്റിയതായി കാണാം. ഭാഷാശാസ്ത്രജ്ഞന്മാര്‍ക്കും ഭാഷാപരമായ തെറ്റുകള്‍ പറ്റും. അതിന്റെ പേരില്‍ അവരെ നമുക്ക് അറിവില്ലാത്തവരെന്ന് പറയാന്‍ പറ്റില്ല. വളരെ പ്രശസ്തനായ ഇംഗ്ലീഷ് വ്യാകരണപണ്ഡിതനാണ് എഫ്.റ്റി.വുഡ്. അദ്ദേഹത്തിന്റെ ഏറെ പ്രശസ്തമായ കൃതിയാണ് Current English Usage. നമ്മെ നല്ല വ്യാകരണം പഠിപ്പിക്കുന്ന ഈ പുസ്തകത്തിലൊരിടത്ത് അദ്ദേഹത്തിനും പറ്റി തെറ്റ്. പുസ്തകം നോക്കി ആ തെറ്റ് പറഞ്ഞുതരാം........... 'Short words rather than long ones are naturally used in headlines: 'investigation' becomes 'probe'; 'questioning' or 'interrogation' become 'quiz'; 'examination' becomes 'test'. ഇവിടെ quiz-നുമുമ്പുള്ള become തെറ്റാണ്. അതും becomes എന്നു തന്നെ വേണം.
വര്‍ഷ: സര്‍, അതൊരു അച്ചടിത്തെറ്റ് ആയിക്കൂടേ?
@ അതിനുള്ള സാധ്യത കുറവാണ്. ങ്ആ.... നമുക്ക് പത്രത്തെറ്റിലേക്ക് പോവാം. ഷാഹിന, പത്രങ്ങളില്‍ ധാരാളം തെറ്റുകള്‍ കടന്നുവരുന്നുണ്ട്. അവര്‍ക്ക് തെറ്റുകള്‍ കണ്ടെത്തി തിരുത്താനുള്ള സമയമൊന്നും വേണ്ടത്ര കിട്ടില്ല. അതാണ് തെറ്റുകള്‍ വരാന്‍ പ്രധാന കാരണം. ബില്‍ ബ്രൈസന്‍ എന്നു പേരായ അമേരിക്കന്‍ എഴുത്തുകാരന്‍ എഴുതിയ ഒരു പുസ്തകമുണ്ട്: The Penguin Dictionary of Troublesome Words. ഈ പുസ്തകത്തില്‍ ബ്രിട്ടീഷ്-അമേരിക്കന്‍ പത്രങ്ങളില്‍ വന്ന ധാരാളം തെറ്റുകള്‍ ഉദ്ധരിക്കുന്നുണ്ട്. The New York Times എന്ന ലോകപ്രശസ്ത പത്രത്തില്‍ വന്ന ഒരു തെറ്റ് ശ്രദ്ധിക്കൂ: 'The rest are left to wander the flat lowlands of West Bengal without hardly a trace of food or shelter'. ഈ വാക്യത്തിലെ തെറ്റ് without hardly എന്ന് ഉപയോഗിച്ചതാണ്. With hardly എന്നായിരുന്നു വേണ്ടിയിരുന്നത്. ഞാനിതൊക്കെ പറയുമ്പോള്‍ ഷാഹിനയും വര്‍ഷയും മനസ്സിലാക്കേണ്ട കാര്യം എനിക്കും തെറ്റുപറ്റാമെന്നതാണ്. വര്‍ഷങ്ങള്‍ക്കുമുമ്പ് എനിക്കൊരു കാര്യമായ തെറ്റുപറ്റുകയുണ്ടായി. അതിനെക്കുറിച്ച് മറ്റൊരിക്കല്‍ പറയാം.
വര്‍ഷ: സര്‍, hardly-യുടെ കാര്യം പറഞ്ഞപ്പോഴാണ് ഒരു കാര്യം ഓര്‍ത്തത്. Hardly.....than എന്ന പ്രയോഗം തെറ്റല്ലേ?
@ Hardly.....than എന്ന പ്രയോഗം തെറ്റാണെന്നാണ് നമ്മള്‍ ഇപ്പോഴും വിദ്യാലയങ്ങളിലും കലാലയങ്ങളിലും പഠിപ്പിച്ചുകൊണ്ടിരിക്കുന്നത്. വ്യാകരണദൃഷ്ട്യാ ഈ പ്രയോഗം തെറ്റാണ്. കാരണം than ഉപയോഗിക്കേണ്ടത് comparative degree-യിലുള്ള വാക്കിന്റെ കൂടെയാണ്. No sooner.....than എന്ന പ്രയോഗം കേട്ടിട്ടുണ്ടല്ലോ. ഇവിടെ sooner എന്ന വാക്ക് comparative-ലാണ്. അതിനാല്‍ than എന്നുപയോഗിക്കുന്നത് തെറ്റാവുന്നില്ല. ഒരു വാക്യം പറയാം. No sooner had I entered my house than the phone began to ring. 'ഞാന്‍ വീട്ടിലേക്ക് കടന്നയുടന്‍ ഫോണിന്റെ ബെല്ലടിക്കാന്‍ തുടങ്ങി' എന്നര്‍ത്ഥം. ഈ no sooner......than മനസ്സില്‍ പതിഞ്ഞുനില്‍ക്കുന്നതിനാല്‍, ഇതേ ആശയത്തിലുപയോഗിക്കുമ്പോള്‍ hardly-ക്കുശേഷം നാം than അറിയാതെ പറഞ്ഞുപോകുന്നു. വ്യാകരണനിയമമനുസരിച്ച് hardly.....when എന്നാണ് ഉപയോഗിക്കേണ്ടത്. Hardly had I entered my house when the phone began to ring. എന്നാല്‍ മിക്കവരും Hardly had I entered my house than the phone began to ring എന്നാണ് പറയുന്നത്. ഇതൊരു വലിയ തെറ്റല്ല എന്ന് Webster's Dictionary of English Usage എന്ന പുസ്തകത്തില്‍ വര്‍ഷങ്ങള്‍ക്കുമുമ്പ് വായിച്ചത് ഓര്‍ക്കുന്നു. ലോകത്ത് ഏറ്റവും കൂടുതലായി വില്‍ക്കപ്പെടുന്ന നിഘണ്ടുവാണ് Oxford Advanced Learner's Dictionary. വളരെ ആധികാരികമായ ഈ നിഘണ്ടുവിന്റെ ഏറ്റവും പുതിയ പതിപ്പില്‍ than എന്ന വാക്ക് എടുത്തുനോക്കിയാല്‍ ഇങ്ങനെയൊരു ഉദാഹരണം കാണാം: Hardly had we arrived than the problems started. വര്‍ഷക്ക് hardly.....than പ്രയോഗം ഇന്നത്തെ ഇംഗ്ലീഷില്‍ തീര്‍ത്തും ശരിയാണെന്നതിന് ഇതില്‍പ്പരം ഒരു തെളിവിന്റെ ആവശ്യമില്ലല്ലോ.
വര്‍ഷ: സര്‍, Oxford-ന് തെറ്റുപറ്റിയതാവാന്‍ സാധ്യതയില്ല, അല്ലേ?
@ തെറ്റുപറ്റിയതേ അല്ല. ഞാന്‍ തറപ്പിച്ചുപറയാന്‍ കാരണമുണ്ട്. ഈ നിഘണ്ടുവിന്റെ മുന്‍പതിപ്പില്‍, അതായത് അഞ്ചാം പതിപ്പില്‍..... ഇപ്പോഴത്തേത് ഏഴാം പതിപ്പാണ്. എന്റെ ഓര്‍മ്മ ശരിയെങ്കില്‍ അഞ്ചാം പതിപ്പ് ഇറങ്ങിയത് 1996-ലാണ്. ആ പതിപ്പ് വാങ്ങിയ സമയത്ത് അത് മറിച്ചുനോക്കവേ, than-നു ചുവടെ no sooner, hardly, barely, scarcely എന്നിവക്കുശേഷം than ഉപയോഗിക്കാമെന്ന് എഴുതിക്കണ്ടു. Hardly/Barely/Scarcely had we arrived than the problems started എന്ന ഉദാഹരണവും കൊടുത്തിരുന്നു. വര്‍ഷക്കുണ്ടായ അതേ സംശയം അന്നെനിക്കുമുണ്ടായി. Oxford-നു തെറ്റുപറ്റിയതാണോ? ഞാനുടന്‍ ഇക്കാര്യം കാണിച്ചുകൊണ്ട് Oxford-ലേക്ക് കത്തയച്ചു. അധികം വൈകാതെ അവരയച്ച മറുപടി ഇങ്ങനെയായിരുന്നു: '.....ഇക്കാര്യത്തില്‍ ഞങ്ങള്‍ക്ക് തെറ്റുപറ്റിയതല്ല. ഇപ്പോള്‍ ഇവിടെ ആളുകള്‍ hardly.....than എന്നാണ് പൊതുവെ ഉപയോഗിക്കുന്നത്. അതിനാല്‍ ഈ പ്രയോഗം ഇന്ന് അംഗീകാരം നേടിക്കഴിഞ്ഞു. Hardly.....than എന്ന പ്രയോഗം തെറ്റല്ല എന്ന് കാണിക്കാനാണ് അത് നിഘണ്ടുവില്‍ നല്‍കിയത്......' നോക്കുക. പന്ത്രണ്ടു വര്‍ഷം മുമ്പേ Oxford അംഗീകരിച്ചുകഴിഞ്ഞ ഒരു പ്രയോഗമാണ് ഇന്നും നമ്മള്‍ തെറ്റാണെന്ന് പറഞ്ഞ് പഠിപ്പിക്കുന്നത്.
ഷാഹിന: Oxford-ലേക്ക് എഴുതിയാല്‍ നമ്മുടെ ചോദ്യങ്ങള്‍ക്ക് അവര്‍ മറുപടി തരുമോ?
@ തീര്‍ച്ചയായും.
വര്‍ഷ: വിലാസം?
@ ഓര്‍മ്മയിലില്ല. പിന്നീട് പറയാം.
വര്‍ഷ: സര്‍, നമ്മള്‍ 'ആനമുട്ട' എന്നൊരു ശൈലി ഉപയോഗിക്കാറുണ്ടല്ലോ. ഇതിനു തുല്യമായ പ്രയോഗം ഇംഗ്ലീഷിലുണ്ടോ?
@ ഒരു ഭാഷയിലെ ശൈലിക്കുതുല്യമായ പ്രയോഗം മറ്റൊരു ഭാഷയിലുണ്ടാവണമെന്നില്ല. 'ആനമുട്ട' ക്കുതുല്യമായി elephant-egg എന്ന് ഒരു മലയാളം-ഇംഗ്ലീഷ് നിഘണ്ടുവില്‍ കൊടുത്തത് കണ്ടിട്ടുണ്ട്. എന്നാല്‍ ഇങ്ങനെയൊരു ശൈലി ഇംഗ്ലീഷില്‍ ഇല്ല. ഇംഗ്ലീഷുകാരോട് elephant-egg എന്ന് പറഞ്ഞാല്‍ അവര്‍ക്കൊന്നും മനസ്സിലാവില്ല. ചില നിഘണ്ടുക്കള്‍ a big zero എന്നാണ് കൊടുത്തിട്ടുള്ളത്. എന്തായാലും, 'ആനമുട്ട'ക്കു തുല്യമായ ഒരു ശൈലി ഇംഗ്ലീഷിലുണ്ട്. ബ്രിട്ടീഷുകാര്‍ duck egg എന്നും അമേരിക്കക്കാര്‍ goose eggs എന്നുമാണ് ഈ ശൈലിക്കു തുല്യമായി ഉപയോഗിക്കുന്നത്.
ഷാഹിന: സര്‍, do a mistake എന്ന പ്രയോഗം തെറ്റാണോ?
@ തെറ്റാണ്. ഇംഗ്ലീഷുകാര്‍ make a mistake എന്നേ പറയൂ. നമ്മള്‍ strong tea-ക്ക് 'കടുപ്പമുള്ള ചായ' എന്നേ പറയൂ; 'ശക്തിയുള്ള ചായ' എന്ന് പറയില്ല. ഇതിനുള്ള കാരണം ചായയുമായി പൊരുത്തപ്പെടുന്നത് 'കടുപ്പമുള്ള' എന്ന വാക്കാണ്. 'ശക്തിയുള്ള' എന്ന വാക്ക് പൊരുത്തപ്പെടുന്നില്ല. അതുപോലെ, mistake-ഉമായി പൊരുത്തപ്പെടുന്ന വാക്ക് make ആണ്; do അല്ല. ഈ പൊരുത്തത്തിന് ഇംഗ്ലീഷുകാരന്‍ നല്‍കിയ പേര് collocation എന്നാണ്.
വര്‍ഷ: Commit a mistake എന്നായാലോ?
@ അതും തെറ്റാണ്. Commit suicide (ആത്മഹത്യ ചെയ്യുക) എന്ന് പറയാം. എന്നാല്‍ commit a mistake എന്ന് പറയരുത്. എന്നാല്‍ commit a blunder എന്ന് പറയാം.
ഷാഹിന: ഇക്കാര്യത്തില്‍ സഹായകരമായ വല്ല പുസ്തകങ്ങളുമുണ്ടോ?
@ Oxford Advanced Learner's Dictionary പോലുള്ള നിഘണ്ടുക്കളില്‍നിന്നും collocation മനസ്സിലാക്കാന്‍ പറ്റും. Collocation-ഉമായി ബന്ധപ്പെട്ട പുസ്തകങ്ങളും വാങ്ങാന്‍ കിട്ടും. നമുക്കിനി അടുത്തയാഴ്ച കാണാം.
വര്‍ഷ & ഷാഹിന: Thank you, Sir. Goodbye.
@ Goodbye.
*************
No comments:
Post a Comment