Thursday 7 July 2022

QUESTIONS OF ENGLISH - 04

 INDIRECT SPEECH

വര്‍ഷ & ഷാഹിന: Good afternoon, sir.

@ Good afternoon.

വര്‍ഷ: സര്‍, indirect speech-ഉമായി ബന്ധപ്പെട്ട കുറച്ചു സംശയങ്ങളുണ്ട്. 

@ ചോദിച്ചോളൂ.

വര്‍ഷ: Indirect speech-ല്‍ that ഒരു connecting word ആയി ഉപയോഗിക്കണമെന്ന് നിര്‍ബന്ധമുണ്ടോ?

@ നമ്മള്‍ reporting verb ആയി ഉപയോഗിക്കുന്നത് say, tell, think എന്നിവയിലൊന്നാണെങ്കില്‍ that ഉപയോഗിക്കണമെന്ന് നിര്‍ബന്ധമില്ല. Joseph said that he would come back soon, Joseph said he would come back soon; Joseph told me that he would come back soon, Joseph told me he would come back soon; Joseph thinks that she will answer the letter, Joseph thinks she will answer the letter എന്നൊക്കെ പറയാ വുന്നതാണ്. എന്നാല്‍ reply, shout, admit തുടങ്ങിയ മറ്റു reporting verbs-ന്റെ കൂടെ that ഒഴിവാക്കരുത്. He admitted that he was guilty എന്നു തന്നെ വേണം. He admitted he was guilty എന്നായാല്‍ വ്യാകരണദൃഷ്ട്യാ തെറ്റാവും. 

ഷാഹിന: അപ്പോള്‍ സംസാരത്തിലോ? 

@ സംസാരത്തില്‍ ഇതത്ര കാര്യമാക്കേണ്ടതില്ല. സംസാരത്തില്‍ വ്യാകരണനിയമങ്ങള്‍ അപ്പടി പകര്‍ത്തുന്ന പതിവില്ലല്ലോ. പരീക്ഷയിലും മറ്റും തെറ്റുപറ്റാതിരിക്കാന്‍ say, tell, think എന്നിവക്കുശേഷവും that ഉപയോഗിക്കുന്നത് ശീലമാക്കിയാല്‍ മതിയല്ലോ. പിന്നെ മറ്റൊരു കാര്യം. The Southern Railways announced yesterday that there will be no special trains on Christmas Day എന്ന വാക്യത്തില്‍ ഉപയോഗിക്കുന്ന that ഈ വാക്യം There will be no special trains on Christmas Day, the Southern Railways announced yesterday എന്ന രീതിയില്‍ പറയുമ്പോള്‍ ഉപയോഗിക്കേണ്ട ആവശ്യമില്ല. അതുപോലെ, noun-നുശേഷമാണെങ്കില്‍ that നിര്‍ബന്ധമായും ഉപയോഗിക്കണം. എഴുത്തിലായാലും ശരി, സംസാരത്തിലായാലും ശരി. The people of those days disagreed with Copernicus’s view that the earth went roung the sun എന്നേ പറയാവൂ. ഇവിടെ view-വിനുശേഷം that ഒഴിവാക്കരുത്.

വര്‍ഷ: Direct speech-ല്‍ വരുന്ന said to-വിനുപകരം told ആണല്ലോ സാധാരണ indirect speech-ല്‍ ഉപയോഗിക്കുന്നത്. ഈ said to തന്നെ indirect-ല്‍ ആവര്‍ത്തിക്കുന്നത് തെറ്റാണോ?

@ Direct-ലെ said to, indirect-ല്‍ told ആയാണ് സാധാരണ ഉപയോഗിക്കുന്നതെങ്കിലും ഇതേ said to, indirect-ല്‍ ഉപയോഗിക്കുന്നത് തെറ്റല്ല. John told me that he was going to Dubai next Friday എന്നതിനുപകരം John said to me that he was going to Dubai next Friday എന്നും പറയാം.

ഷാഹിന: അവിവാഹിതനെ bachelor എന്നാണല്ലോ പറയുന്നത്. അവിവാഹിതയെ bachelor എന്ന് വിളിക്കാമോ?

@ മുമ്പ് അവിവാഹിതയെ വിളിച്ചിരുന്നത് spinster എന്നായിരുന്നു. എന്നാല്‍ ഇന്ന് ഈ വാക്ക് ഉപയോഗിക്കുന്നില്ല. Bachelor girl എന്നൊരു പ്രയോഗമുണ്ട്. ഈ പ്രയോഗവും പെണ്‍കുട്ടികള്‍ ഇഷ്ടപ്പെടുന്നില്ല. demoiselle (ഡെമസെല്‍) എന്ന വാക്കിന്റെ അര്‍ത്ഥം അവിവാഹിത എന്നാണ്. എന്നാല്‍ ഇത് സാധാരണ ഉപയോഗിക്കുന്ന ഒരു വാക്കല്ല. Bachelor എന്ന വാക്കുതന്നെ അവിവാഹിത എന്ന അര്‍ത്ഥത്തില്‍ ഉപയോഗിക്കാമെന്ന് ഏതോ ഒരു നിഘണ്ടുവില്‍ കണ്ടതായി ഓര്‍ക്കുന്നു. അതിനാല്‍ unmarried എന്ന വാക്കോ single എന്ന വാക്കോ ഉപയോഗിക്കുന്നതാണ് ഉത്തമം. My brother is unmarried എന്നോ My brother is single എന്നോ പറയാം. അതുപോലെ Shahina is unmarried എന്നും Shahina is single എന്നും പറയാം. ചോദ്യമാണെങ്കില്‍ Are you unmarried? എന്നോ Are you single? എന്നോ ചോദിക്കാം.

വര്‍ഷ: അവിവാഹിതക്ക് maid, maiden എന്നിങ്ങനെ പറഞ്ഞുകൂടേ?

@ ഈ വാക്കുകള്‍ക്ക് അവിവാഹിത എന്ന അര്‍ത്ഥമുണ്ടെങ്കിലും ഇപ്പോള്‍ ഈ അര്‍ത്ഥത്തില്‍ ഉപയോഗിക്കുന്നില്ല. കാരണം maid ഒരു പഴഞ്ചന്‍ വാക്കായി കണക്കാക്കപ്പെടുന്നു; maiden എന്ന വാക്ക് സ്ത്രീകള്‍ ഇഷ്ടപ്പെടുന്നുമില്ല.

ഷാഹിന: Bachelor അവിവാഹിതനാണല്ലോ. വിവാഹിതന്‍ എന്ന അര്‍ത്ഥത്തിലുപയോഗിക്കുന്ന ഒറ്റവാക്ക് ഇംഗ്ലീഷിലുണ്ടോ?

@ നമ്മള്‍ സാധാരണ ഉപയോഗിക്കുന്ന ഒറ്റവാക്കൊന്നും ഇംഗ്ലീഷിലുള്ളതായി അറിഞ്ഞുകൂടാ. വിവാഹിതനെ married man എന്നും വിവാഹിതയെ married woman എന്നുമാണ് സാധാരണ പറയുക. വിവാഹിതന്‍ എന്ന അര്‍ത്ഥത്തില്‍ benedict (ബെനിഡിക്റ്റ്) എന്ന വാക്കും വിവാഹിത എന്ന അര്‍ത്ഥത്തില്‍ feme covert (ഫെം കവെര്‍റ്റ്) എന്നും ഉപയോഗിക്കാറുണ്ട്. നീണ്ടകാലം അവിവാഹിതനായി കഴിഞ്ഞശേഷം വിവാഹിതനായ വ്യക്തിയെയാണ് benedict എന്ന് പറയുക. അതും വളരെ അടുത്ത നാളില്‍ വിവാഹിതനായ ആളാവണം. നിയമജ്ഞന്മാര്‍ ഉപയോഗിക്കുന്ന വാക്കാണ് feme covert. വിവാഹിതയെ സൂചിപ്പിക്കാന്‍ frau (ഫ്രൗ) എന്നൊരു വാക്കുകൂടി കണ്ടിട്ടുണ്ട്. എന്നാല്‍ ഇവയൊന്നുംതന്നെ നമ്മള്‍ സാധാരണ ഉപയോഗിക്കുന്നവയല്ല. He is married, She is married എന്നിങ്ങനെയാണ് സാധാരണ ഇംഗ്ലീഷില്‍ പറയുക.

വര്‍ഷ: സര്‍, direct speech-ല്‍ present tense-ല്‍ വരുന്ന വാക്യം indirect speech-ല്‍ past tense-ലേക്ക് മാറ്റണമെന്നത് നിര്‍ബന്ധമായ കാര്യമാണോ? Tense അതേപടി നിലനിര്‍ത്തിക്കൂടേ?

@ എഴുതുന്ന സന്ദര്‍ഭത്തില്‍ tense മാറ്റണം. എന്നാല്‍ സംസാരിക്കുന്ന സന്ദര്‍ഭത്തിലാണെങ്കില്‍ ഒരാള്‍ പറഞ്ഞ കാര്യത്തിന്റെ പ്രസക്തി അക്കാര്യം മറ്റൊരാളോട് ആവര്‍ത്തിക്കുന്ന സമയത്തും നിലനില്‍ക്കുന്നുണ്ടെങ്കില്‍ tense മാറ്റേണ്ടതില്ല. റോബര്‍ട്ട് എന്ന വ്യക്തി ഇങ്ങനെ പറയുന്നുവെന്ന് കരുതുക: I will come tomorrow. റോബര്‍ട്ട് ഇക്കാര്യം എന്നോട് പറഞ്ഞത് ഇന്നാണ്. ഞാനിത് നിങ്ങളോട് ഇന്ന് പറയുമ്പോള്‍ ഇങ്ങനെ പറയും: Robert said he will come tomorrow. നാളെയാണ് പറയുന്നതെങ്കില്‍ Robert said he will come today എന്ന് പറയും. കാരണം റോബര്‍ട്ട് പറഞ്ഞ കാര്യത്തിന്റെ പ്രസക്തി കഴിഞ്ഞിട്ടില്ല എന്നതുതന്നെ. അതേസമയം Robert said he would come tomorrow/today എന്നാണ് പറയുന്നതെങ്കില്‍ അതും ശരിയാണ്. എന്നാല്‍ എഴുതുമ്പോള്‍ Robert said he would come the following day എന്നെഴുതണം. പണ്ട് നമ്മള്‍ സ്‌കൂളില്‍വെച്ച് പഠിച്ച കാര്യമാണല്ലോ ഭൂമി സൂര്യനുചുറ്റും കറങ്ങുന്നുവെന്നത്. അന്ന് റ്റീച്ചര്‍ ഇങ്ങനെ പറഞ്ഞിരിക്കും: The earth goes round the sun. ഇന്ന് നാം ഇക്കാര്യം റിപോര്‍ട്ട് ചെയ്യുമ്പോള്‍ The teacher taught us that the earth goes round the sun എന്നും The teacher taught us that the earth went round the sun എന്നും പറയാം. റ്റീച്ചര്‍ പറഞ്ഞ കാര്യത്തിന് ഇപ്പോഴും പ്രസക്തി ഉണ്ടല്ലോ. അതിനാല്‍ goes എന്ന വാക്ക് went എന്നാക്കി മാറ്റണമെന്ന് നിര്‍ബന്ധമില്ല. എന്നാല്‍ പറയുന്ന സമയത്ത് പ്രസക്തിയില്ലാത്ത കാര്യമാണെങ്കില്‍ went തന്നെ ഉപയോഗിക്കണം. മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ ഒരാള്‍ പറഞ്ഞ കാര്യത്തോട് നാം വിയോജിക്കുകയാണെങ്കില്‍ അഥവാ അക്കാര്യത്തില്‍ നമുക്ക് സംശയമുണ്ടെങ്കില്‍ present-നെ past ആക്കി ഉപയോഗിക്കണം. The Greeks thought that the sun went round the earth എന്ന വാക്യം ഉദാഹരണമായെടുക്കാം. ഇവിടെ went തന്നെ ഉപയോഗിക്കണം. കാരണം ഇന്ന് പ്രസക്തമല്ലാത്ത അഥവാ നാം വിയോജിക്കുന്ന കാര്യമാണ് സൂര്യന്‍ ഭൂമിക്കുചുറ്റും കറങ്ങുന്നുവെന്നത്. അതുപോലെ ഒരു പെണ്‍കുട്ടി തനിക്ക് പതിനഞ്ചു വയസ്സായെന്ന് പറയുന്നുവെന്ന് കരുതുക. അവള്‍ എന്നോട് നേരിട്ട് പറയുക I’m fifteen എന്നായിരിക്കും. എനിക്ക് ഇക്കാര്യത്തില്‍ സംശയമുണ്ടെന്ന് കരുതുക. എന്റെ അഭിപ്രായത്തില്‍ അവള്‍ക്ക് ചുരുങ്ങിയത് ഇരുപത് വയസ്സുണ്ട്. എങ്കില്‍ ഞാന്‍ നിങ്ങളോട് പറയുക This morning she said she was fifteen എന്നായിരിക്കും. അവള്‍  പറഞ്ഞത് സത്യമാണെന്ന് എനിക്കറിയാമെങ്കില്‍ This morning she said she is fourteen എന്നു പറയാവുന്നതാണ്.

ഇവിടെ മറ്റൊരു കാര്യംകൂടി ശ്രദ്ധിക്കാനുണ്ട്. Direct speech-ല്‍ പറയുന്നത് proverb, quotation എന്നിവയാണെങ്കില്‍ indirect speech-ല്‍ tense മാറ്റേണ്ടതില്ല.

Arjun said, 'Charity begins at home.'

Arjun said that charity begins at home.

Keats wrote, 'A thing of beauty is a joy for ever.'

Keats wrote that a thing of beauty is a joy for              ever.

ഷാഹിന: അങ്ങനെയെങ്കില്‍ past tense, direct speech-ല്‍ വന്നാല്‍ indirect-ല്‍ അതേ tense നിലനിര്‍ത്താമോ?

@ നമ്മള്‍ സാധാരണ പഠിക്കുന്നത് direct speech-ലെ past tense-നെ indirect speech-ല്‍ past perfect tense-ലേക്ക് മാറ്റണമെന്നാണ്. I passed my SSLC exam in 2003 എന്നാണ് direct speech-ല്‍ വരുന്നതെങ്കില്‍ അത് indirect-ല്‍ She said she had passed her SSLC exam in 2003 എന്നാണ് പറയുക. എന്നാല്‍ ഇവിടെ She said she passed her SSLC exam in 2003 എന്ന് പറഞ്ഞാല്‍ തെറ്റല്ല എന്നോര്‍ക്കുക. ഇവിടെ passed എന്ന് പറഞ്ഞാലും had passed എന്ന് പറഞ്ഞാലും ആശയത്തില്‍ മാറ്റമൊന്നും വരുന്നില്ല. എന്നാല്‍ She said she felt happy എന്നതും She said she had felt happy എന്നതും തമ്മില്‍ അന്തരമുണ്ട്. Direct-ല്‍ I feel happy എന്ന് പറഞ്ഞാലാണ് indirect-ല്‍ She said she felt happy എന്ന് പറയുക. Direct-ല്‍ I felt happy എന്ന് പറഞ്ഞാല്‍ അത് indirect-ല്‍ She said she had felt happy എന്നായി മാറുന്നു. അതേസമയം direct-ല്‍ I pass my SSLC exam in 2003 എന്ന് ആരും പറയില്ലല്ലോ. I passed my SSLC exam in 2003 എന്നേ പറയൂ.

അതുപോലെ, historic event ആണെങ്കില്‍ tense മാറ്റേണ്ടതില്ല:

My teacher said to us, 'India became independent in 1947.'

My teacher told us that India became independent in 1947.


വര്‍ഷ: Reporting verb ആയി ചിലപ്പോള്‍ say വരാറുണ്ടല്ലോ. അപ്പോള്‍ tense-ല്‍ മാറ്റം വരുത്തണമോ?

@ വേണ്ട. Reporting verb ആയി വരുന്നത് say/says, has/have said, will say എന്നിവയിലൊന്നാണെങ്കില്‍ direct speech-ലെ tense അതേപടി നിലനിര്‍ത്തിയാല്‍ മതി. Tom says his father is very clever എന്നുമതി.

ഷാഹിന: പിതാവ് ജീവിച്ചിരിപ്പില്ലെങ്കിലോ?

@ അപ്പോള്‍ Tom says his father was very clever എന്നു പറയാം.

വര്‍ഷ: Dare, need എന്നീ auxiliary verbs വന്നാല്‍ indirect-ല്‍ tense മാറ്റണമോ?

@ ഇവ auxiliary verb ആയി ഉപയോഗിക്കുമ്പോള്‍ മാറ്റേണ്ട ആവശ്യമേയില്ല. I needn’t help her എന്നത് He said he needn’t help her എന്നു മതി. എന്നാല്‍ ഇവ സാധാരണ verb ആയി ഉപയോഗിക്കുമ്പോള്‍ tense മാറ്റണം. അതിനാല്‍ I need to help her എന്നത് He said he needed to help her എന്നായി മാറുന്നു. 


No comments:

Post a Comment