QUESTION TAG OF COMPLEX SENTENCE
You think you are brilliant, ................ ?
(A) aren't you (B) don't you
(C) didn't you (D) do you
കേരളത്തിലെ മുന്‍നിരയിലുള്ള ഒരു PSC Coaching Centre അവരുടെ ഉത്തരസൂചികയില്‍ ഈ ചോദ്യത്തിന്റെ ശരിയുത്തരമായി (A) aren't you ആണ് നല്‍കിക്കണ്ടത്. മറ്റു ചിലരും ഇതേ ഉത്തരം നല്‍കിയതായി കണ്ടു. എന്നാല്‍ ഈ ഉത്തരം തെറ്റാണ്. ശരിയായ ഉത്തരം (B) don't you ആണ്. ഈ വാക്യം വായിച്ചിട്ട് ഇതിന്റെ അര്‍ത്ഥം എടുത്താല്‍ തന്നെ aren't you എന്ന ചോദ്യത്തിന് പ്രസക്തിയില്ലെന്ന് മനസ്സിലാവും. ഈ വാക്യത്തിന്റെ അര്‍ത്ഥം 'നീ സമര്‍ത്ഥനാണെന്ന് നീ കരുതുന്നു' എന്നാണല്ലോ. അപ്പോള്‍ ഇതിന് പറ്റിയ question tag ഏതായിരിക്കണം? 'നീ സമര്‍ത്ഥനല്ലേ?' എന്നാണോ ചോദിക്കേണ്ടത് അതോ 'നീ അങ്ങനെ കരുതുന്നില്ലേ?' എന്നാണോ ചോദിക്കേണ്ടത്. 'നീ അങ്ങനെ കരുതുന്നില്ലേ?' എന്നതല്ലേ അനുയോജ്യമായ ചോദ്യം.
ഇനി നിയമത്തിലേക്ക് കടക്കാം. PSC ഇത്തരത്തിലുള്ള complex sentences വളരെ കുറഞ്ഞ തോതിലേ പരീക്ഷയില്‍ ചോദിച്ചിട്ടുള്ള. PSC-യുടെ 95 ശതമാനത്തിലേറെ tag questions-ഉം വന്നത് simple sentence ബന്ധപ്പെടുത്തിയാണ്. You think you are brilliant എന്ന വാക്യം ഒരു complex sentence ആണ്. ഇവിടെ രണ്ടു വാക്യങ്ങള്‍ കാണാം. You think, You are brilliant എന്നിവയാണ് ഈ രണ്ടു വാക്യങ്ങള്‍. ഇവയെ that കൊണ്ട് യോജിപ്പിച്ചാല്‍ You think that you are brilliant എന്ന വാക്യം കിട്ടും. You think, You are brilliant എന്നിവ simple sentences ആണ്. ഇവയെ that എന്ന conjunction കൊണ്ട് യോജിപ്പിച്ചാല്‍ അത് complex sentence ആയി മാറുന്നു. ഇവിടെ കൊടുത്ത വാക്യത്തില്‍ that ഒഴിവാക്കിയെന്നേയുള്ളൂ. ഇത്തരം വാക്യത്തില്‍ that ഒഴിവാക്കിയും ഉപയോഗിക്കാം. ഇവയില്‍ You think എന്ന വാക്യം 'നീ കരുതുന്നു' എന്ന പൂര്‍ണ്ണമായ അര്‍ത്ഥം നല്‍കുമ്പോള്‍ (that) you are brilliant എന്ന വാക്യം 'നീ സമര്‍ത്ഥനാണെന്ന്' എന്ന അപൂര്‍ണ്ണമായ അര്‍ത്ഥമാണ് നല്‍കുന്നത്. ഇവയില്‍ പൂര്‍ണ്ണമായ അര്‍ത്ഥം നല്‍കുന്ന വാക്യം main clause എന്ന പേരിലും അപൂര്‍ണ്ണമായ അര്‍ത്ഥം നല്‍കുന്ന വാക്യം subordinate clause എന്ന പേരിലും അറിയപ്പെടുന്നു. ഒരു main clause-ഉം ഒന്നോ അതിലേറെയോ subordinate clause-ഉം അടങ്ങുന്ന വാക്യമാണ് complex sentence എന്ന പേരില്‍ അറിയപ്പെടുന്നത്.
Complex sentence-ന്റെ question tag ഉണ്ടാക്കേണ്ടി വരുമ്പോള്‍ പൊതുവെ ഉപയോഗപ്പെടുത്തുന്നത് main clause-നെയാണ്. ഈ നിയമപ്രകാരമാണ് ഇവിടെ main clause ആയ You think-ന്റെ question tag (don't you) ശരിയുത്തരമായി മാറുന്നത്.
PSC മുമ്പ് നടത്തിയ ഒരു പരീക്ഷയില്‍ വന്ന complex sentence കാണുക:
You will tell me how you trained your dog, ..........?
(a) did you (b) will you
(c) don't you (d) won't you
[LDC - Village Assistant, 2017]
ഇതിലെ main clause ആണ് You will tell me എന്ന വാക്യം. How you trained your dog എന്നത് subordinate clause ആണ്. തന്നിരിക്കുന്ന ഒപ്ഷനുകളില്‍ you trained എന്നതിന്റെ tag ആയ didn't you കൊടുത്തിട്ടുമില്ല എന്ന് കാണുക. ഇവിടെ ശരിയുത്തരമായി വരുന്നത് main clause ആയ You will tell me എന്ന വാക്യത്തിന്റെ tag ആയ won't you ആണ്.
PSC മുന്‍കാല പരീക്ഷയില്‍ ചോദിച്ച ഒരു complex sentence കൂടി ഇതാ:
You would come if I needed help, ........?
(a) would you (b) need you
(c) wouldn't you (d) needn't you
ഇവിടെ You would come എന്നത് main clause-ഉം if I needed help എന്നത് subordinate clause-ഉം ആണ്. ഈ വാക്യം positive ആയതിനാല്‍ negative tag വേണം. അതിനാല്‍ ഒപ്ഷന്‍ (a), (b) എന്നിവ പരിഗണനയിലെടുക്കേണ്ട. ഒപ്ഷന്‍ (c), (d) എന്നിവയില്‍ (c) ആണ് ശരിയുത്തരം. ഇത് You would come എന്ന main clause-ന്റെ tag ആണല്ലോ. Needed, main verb ആയതിനാല്‍ didn't ആണ് ഇതിന്റെ tag-ല്‍ വരേണ്ട auxiliary verb എന്നു കൂടി ഓര്‍ക്കുക. മാത്രമല്ല, ഒരിക്കലും needn't എന്ന negative auxiliary verb, question tag-ല്‍ വരില്ല. കാരണം വാക്യത്തില്‍ need ഉപയോഗിക്കുന്നത് auxiliary verb ആയിട്ടാണെങ്കില്‍ അത് negative-വിലേ ഉപയോഗിക്കൂ. അതായത്, You needn't come tomorrow എന്നേ പറയാനാവൂ. അല്ലാതെ, you need come tomorow എന്നല്ല. Need, positive-ല്‍ ഉപയോഗിക്കണമെങ്കില്‍ need to എന്നാക്കി മാറ്റണം. അതായത്, You need to come tomorrow എന്നു പറയണം. ഇവിടെ need, auxiliary verb അല്ല, main verb ആണ്. അപ്പോള്‍ You need to come tomorrow എന്നതിന്റെ tag, don't you? ആയിരിക്കും. എന്നാല്‍ You needn't come tomorrow എന്നതിന്റെ tag, need you? എന്നായിരിക്കും. അതിനാല്‍ need, positive tag-ലേ വരൂ, negative tag-ല്‍ വരില്ല എന്നോര്‍ക്കുക.
മുകളില്‍ പറഞ്ഞ PSC-യില്‍ വന്ന complex sentences നമുക്ക് തരുന്ന വ്യക്തമായ സൂചന main clause-ന്റെ tag ആണ് പരിഗണിക്കേണ്ടത് എന്നാണല്ലോ.
അപ്പോള്‍ ഇതോര്‍ക്കുക: 'Complex sentence-ന്റെ question tag ഉണ്ടാക്കാന്‍ പൊതുവെ പരിഗണിക്കുന്നത് main clause-നെയാണ്.'
ഇവിടെ 'പൊതുവെ' എന്ന വാക്കുപയോഗിക്കാന്‍ ഒരു കാരണമുണ്ട്. ചില ഘട്ടത്തില്‍ complex sentence-ന്റെ question tag ഉണ്ടാക്കാന്‍ subordinate clause-നെ ആശ്രയിക്കേണ്ടി വന്നേക്കും. അത്തരമൊരു വാക്യം PSC തന്നെ മുമ്പൊരു പരീക്ഷയില്‍ ചോദിച്ചിട്ടുണ്ട്. ആ ചോദ്യം ഇതാ:
I think I am right, ...........
(a) aren't I? (b) am I?
(c) doesn't I? (d) don't I?
[Male Warden NCA, 2017]
വാക്യം positive ആയതിനാല്‍ negative tag വേണമെന്ന് നിങ്ങള്‍ക്കറിയാം. അതിനാല്‍ ഒപ്ഷന്‍ (b) പരിഗണിക്കപ്പെടേണ്ടതില്ല. ബാക്കി മൂന്നും negative tags ആണ്. ഇവിടെ s-ല്‍ അവസാനിക്കുന്ന main verb ഇല്ലാത്തതിനാല്‍ does ആവശ്യം വരുന്നില്ല. ഈ വാക്യത്തിലെ main clause-ന്റെ tag എടുത്താല്‍ അത് don't I? ആണ്; subordinate clause-ന്റെ tag എടുത്താല്‍ അത് aren't I? ആണ്. ഇവയിലേതാണ് ശരിയുത്തരം? നേരത്തെ പറഞ്ഞ പൊതുവായ നിയമമെടുത്താല്‍ main clause-ന്റെ tag ആയ ഒപ്ഷന്‍ (d) ആണ് ശരിയുത്തരമായി വരേണ്ടത്. എന്നാല്‍ ഇവിടെ ഈ ഉത്തരം തെറ്റായി മാറുന്നു. പകരം subordinate clause-ന്റെ tag ആയ ഒപ്ഷന്‍ (a) ശരിയുത്തരമായി വരുന്നു. എന്തുകൊണ്ട്?
നമുക്കാദ്യം വാക്യത്തിന്റെ അര്‍ത്ഥം നോക്കാം: 'ഞാന്‍ പറഞ്ഞത് ശരിയാണെന്ന് എനിക്ക് തോന്നുന്നു.' ഇവിടെ don't I? ഉപയോഗിച്ചാല്‍ കിട്ടുന്ന അര്‍ത്ഥം 'എനിക്ക് തോന്നുന്നില്ലേ?' എന്നാണ്. ഇങ്ങനെ ചോദിക്കാന്‍ പറ്റുമോ? എന്റെ തോന്നലിനെക്കുറിച്ച് നിങ്ങളോട് ചോദിച്ചാല്‍ എങ്ങനെ നിങ്ങള്‍ക്ക് ഉത്തരം പറയാനാവും? എന്നാല്‍ aren't I? എന്ന് ഉപയോഗിച്ചാല്‍ കിട്ടുന്ന അര്‍ത്ഥം 'ഞാന്‍ പറഞ്ഞത് ശരിയല്ലേ?' എന്നാണ്. ഇങ്ങനെ ചോദിക്കാമല്ലോ. ഞാന്‍ പറഞ്ഞത് ശരിയാണോ അല്ലയോ എന്ന് നിങ്ങള്‍ക്ക് പറയാനാവുമല്ലോ. അപ്പോള്‍ ഇത്തരം വാക്യങ്ങളുടെ അര്‍ത്ഥം മനസ്സിലായാല്‍ത്തന്നെ ശരിയായ question tag ഏതാണെന്ന് നമുക്ക് കണ്ടെത്താന്‍ കഴിയുന്നതേയുള്ളൂ.
ഇനി നിയമത്തിലേക്ക്. നമ്മുടെ മനസ്സുമായി ബന്ധപ്പെട്ട think, believe, suppose, suspect, expect, hope, seem, appear, look, be sure, be afraid തുടങ്ങിയ verbs-ന്റെ subject ആയി I അല്ലെങ്കില്‍ We വന്നാല്‍ subordinate clause-ന്റെ question tag ആണ് ഉപയോഗിക്കേണ്ട്ത്. എന്നാല്‍ ഈ verbs-ന്റെ subject ആയി I, we ഒഴികെയുള്ള മറ്റേതൊരു subject വന്നാലും main clause-ന്റെ question tag ഉപയോഗിക്കണം. ഇന്നലെ നടന്ന പരീക്ഷയില്‍ I think എന്നല്ല, You think എന്നു വന്നതിനാലാണ് don't you?, question tag ആയി വരുന്നത് എന്നോര്‍ക്കുക.
മനസ്സുമായി ബന്ധപ്പെടാത്ത verbs-ന്റെ subject ആയി I, we വരികയാണെങ്കില്‍ main verb-ന്റെ question tag തന്നെയാണ് ഉപയോഗിക്കേണ്ടത് എന്ന കാര്യവും ഓര്‍ക്കണം. ഇനി പറയുന്ന വാക്യം കാണുക:
I have told you many times that you should obey your parents, haven't I?
ഇവിടെ told ആണ് verb. 'ഞാന്‍ പറഞ്ഞിട്ടില്ലേ?' എന്ന് ചോദിച്ചാല്‍ ഉണ്ടെന്നോ ഇല്ലെന്നോ പറയാന്‍ കേള്‍ക്കുന്നയാള്‍ക്ക് കഴിയുമല്ലോ.
ഇനി ഇത്തരം complex sentences പരീക്ഷയില്‍ വന്നാല്‍ നിങ്ങള്‍ക്ക് തെറ്റ് പറ്റില്ലെന്ന് കരുതട്ടെയോ?
No comments:
Post a Comment