Friday, 10 April 2020

PSC English പരീക്ഷയില്‍ എങ്ങനെ വിജയിക്കാം



PSC English പരീക്ഷയില്‍ എങ്ങനെ വിജയിക്കാം?






ഒരു വലിയ ശതമാനം ഉദ്യോഗാര്‍ത്ഥികള്‍ക്കും വിഷമം തോന്നിപ്പിക്കുന്ന വിഷയമാണ് PSC പരീക്ഷകളിലെ ഇംഗ്ലിഷ്. എന്നാല്‍ വേണ്ടത്ര രീതിയില്‍ തയ്യാറെടുപ്പ് നടത്തിയാല്‍ ഇംഗ്ലിഷില്‍ വരുന്ന ചോദ്യങ്ങളെ എളുപ്പത്തില്‍ തരണം ചെയ്യാവുന്നതേയുള്ളൂ. പരീക്ഷ അടുത്തിരിക്കുമ്പോഴുള്ള തയ്യാറെടുപ്പല്ല വേണ്ടത്. തയ്യാറെടുപ്പ് തുടങ്ങുന്നതും പരീക്ഷ തുടങ്ങുന്നതുമായ ദിവസങ്ങള്‍ തമ്മില്‍ നീണ്ട അകലമുണ്ടായിരിക്കണം. എങ്കില്‍ മാത്രമേ നന്നായി തയ്യാറെടുക്കാനുള്ള സമയം ലഭിക്കുകയുള്ളൂ.
ഇനി വരാനിരിക്കുന്ന വളരെ പ്രധാനപ്പെട്ട പരീക്ഷയാണ് LDC പരീക്ഷ. ഈ പരീക്ഷക്കുള്ള തയ്യാറെടുപ്പ് ഇപ്പോഴേ തുടങ്ങണം. തയ്യാറെടുപ്പ് ക്രമാനുഗതമായി തുടരുകയും വേണം. 
PSC പരീക്ഷകള്‍ക്ക് തയ്യാറെടുക്കുന്നവര്‍ക്ക് കൂടുതല്‍ മാര്‍ക്ക് സ്‌കോര്‍ ചെയ്യാനുള്ള ഏറ്റവും നല്ല പഠനവഴി എന്താണെന്ന് ചോദിച്ചാല്‍ ഉന്നതവിജയം നേടിയവരെല്ലാം പറയുന്ന ഒരേയൊരു വഴി PSCയുടെ മുന്‍കാലപരീക്ഷകളില്‍ വന്ന ചോദ്യങ്ങള്‍ക്കുള്ള ഉത്തരങ്ങള്‍ നാം സ്വയം എഴുതിപ്പഠിക്കുകയെന്നതാണ്. ഒരു കോച്ചിങ് സെന്ററിലും പോവാതെ വീട്ടിലിരുന്ന് ഇത്തരത്തില്‍ പഠിച്ച് ഉയര്‍ന്ന വിജയം നേടിയ എത്രയോ പേരുണ്ടെന്നത് ഒരു പരമാര്‍ത്ഥമാണ്. ഒരു ദിവസം ചുരുങ്ങിയത് ഒരു previous question paper ഇത്തരത്തില്‍ ചെയ്തുപഠിക്കുക. ഇങ്ങനെ ഒരു മാസം ചെയ്യുമ്പോള്‍തന്നെ നിങ്ങള്‍ക്ക് പുരോഗതി വിലയിരുത്താന്‍ പറ്റും. പരീക്ഷാഹോളില്‍ കയറിയാല്‍ പരുങ്ങലില്ലാതെ പരീക്ഷ എഴുതുവാനും ഈ പരിശീലനം നിങ്ങളെ സഹായിക്കും. 
ഇംഗ്ലിഷ് പരീക്ഷകളില്‍ വരുന്ന വ്യാകരണസംബന്ധമായ ചോദ്യങ്ങള്‍ ഏതെല്ലാമായിരിക്കുമെന്ന് നമുക്ക് നേരത്തെതന്നെ മനസ്സിലാക്കാന്‍ പറ്റും. ഇംഗ്ലിഷിലെ ഏതാനും റ്റോപിക്കുകളില്‍നിന്നുമാണ് ചോദ്യങ്ങള്‍ സാധാരണ വരുന്നത്. ഉദാഹരണത്തിന്, reported speech. ഈ വിഭാഗത്തില്‍നിന്നുള്ള ഒരു ചോദ്യം PSCയുടെ എല്ലാ പരീക്ഷകളിലും പൊതുവെ കാണാറുണ്ട്. LDC പരീക്ഷകളില്‍ 20 / 10 മാര്‍ക്കിന്റെ ചോദ്യങ്ങളാണ് ഇംഗ്ലിഷ് വിഭാഗത്തില്‍ വരുന്നത്. ഇവയിലൊന്ന് reported speech 
ആയിരിക്കും. അപ്പോള്‍ ഈ റ്റോപിക്കുമായി ബന്ധപ്പെട്ട പൊതുവായ വ്യാകരണനിയമങ്ങളും പ്രത്യേകതയുള്ള നിയമങ്ങളും ഒന്ന് മനസ്സിലാക്കിവെക്കണം. നിയമങ്ങള്‍ പഠിച്ചതുകൊണ്ടായില്ല. പലപ്പോഴും നിയമങ്ങള്‍ മറന്നുപോവും. ഇത്തരത്തിലുള്ള മറവി ഇല്ലാതാക്കാന്‍ നിങ്ങളെ സഹായിക്കുന്നത് previous question papers ഉപയോഗിച്ചുള്ള പരിശീലനമാണ്. പൊതുവായ ചോദ്യങ്ങള്‍ ഉപയോഗിച്ചും topic-wise ചോദ്യങ്ങള്‍ ഉപയോഗിച്ചും നിങ്ങള്‍ക്ക് പരിശീലനം നേടാം. ഇത്തരത്തില്‍ പരിശീലിച്ചാല്‍ നിങ്ങള്‍ക്ക് വിജയിക്കാനാവുമെന്ന കാര്യത്തില്‍ ഒരു സംശയവും വേണ്ട. 
ഇംഗ്ലിഷിന്റെ അടിസ്ഥാനപരമായ വ്യാകരണകാര്യങ്ങള്‍ നിങ്ങള്‍ നന്നായി പഠിച്ചുവെക്കണം. അല്ലാത്തപക്ഷം നിങ്ങള്‍ക്ക് ബുദ്ധിമുട്ട് നേരിടേണ്ടിവരും. അടിസ്ഥാനകാര്യങ്ങള്‍ പഠിച്ചശേഷമേ ഓരോ റ്റോപിക്കിന്റെയും വ്യാകരണനിയമങ്ങള്‍ പഠിച്ചുതുടങ്ങാവൂ. Auxiliary verbs, verb forms, ഇവ തമ്മില്‍ combine ചെയ്യേണ്ട രീതികള്‍, personal pronouns, question words, sentence formation എന്നിവയാണ് അടിസ്ഥാനകാര്യങ്ങളായി പഠിക്കേണ്ടത്. ഇവ പഠിച്ചശേഷം നിങ്ങള്‍ പഠിക്കേണ്ട റ്റോപിക് question tags ആയിരിക്കണം. അതിനുശേഷം പഠിക്കേണ്ട പ്രധാന റ്റോപിക് uses of tenses ആണ്. ഇതും കൂടി പഠിച്ചശേഷം reported speech, active-passive voice, concord എന്നിങ്ങനെ സൗകര്യാര്‍ത്ഥം തുടരാം. ഓരോ റ്റോപിക് പഠിച്ചശേഷവും ആ റ്റോപിക്കുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ മാത്രം പരിശീലനത്തിനായി തെരഞ്ഞെടുക്കുക.  റ്റോപിക്കുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ മുന്‍കാലപരീക്ഷകളില്‍ വന്നവക്ക് പുറമെയും തെരഞ്ഞെടുത്ത് പരിശീലിക്കാവുന്നതാണ്. ഓരോ റ്റോപിക്കിന്റെയും അടിസ്ഥാനപരമായ കാര്യങ്ങളും നന്നായി പഠിച്ചുവെക്കേണ്ടതാണ്. 
ചോദ്യങ്ങള്‍ക്കായി പുസ്തകങ്ങളെ ആശ്രയിക്കുമ്പോള്‍ ഒരു കാര്യം പ്രത്യേകം ശ്രദ്ധിക്കണം. പല പുസ്തകങ്ങളും ചോദ്യങ്ങള്‍ക്കു തൊട്ടുതാഴെ അവയുടെ ഉത്തരം നല്‍കിയതായി കാണാം. ഒരു കാരണവശാലും ഇത്തരം പുസ്തകങ്ങള്‍ പരിശീലനത്തിനായി ഉപയോഗിക്കരുത്. കാരണം, ചോദ്യം വായിച്ചാലുടന്‍ നിങ്ങളുടെ കണ്ണുകള്‍ സ്വാഭാവികമായും ഉത്തരത്തിലെത്തും. അതിനാല്‍ ഇവ കൊണ്ട് പരിശീലനം നടത്താനാവില്ല. പകരം ചോദ്യങ്ങള്‍ മുഴുവന്‍ നല്‍കിയശേഷം അവയുടെ ഉത്തരങ്ങള്‍ അവസാനം ഒന്നിച്ച് നല്‍കുന്ന പുസ്തകങ്ങള്‍ പരിശീലനത്തിനായി ഉപയോഗപ്പെടുത്തുക.
പഠനത്തിനായി YouTube ക്ലാസുകള്‍ ഉപയോഗപ്പെടുത്തുമ്പോള്‍ നല്ല നിലവാരമുള്ള ക്ലാസുകള്‍ തെരഞ്ഞെടുക്കണം. പല ക്ലാസുകളും അബദ്ധങ്ങള്‍ പഠിപ്പിക്കുന്നതായി കണ്ടിട്ടുണ്ട്. ചോദ്യങ്ങള്‍ക്ക് ഉത്തരങ്ങള്‍ മാത്രം നല്‍കുന്ന ക്ലാസുകള്‍ തെരഞ്ഞെടുക്കാതെ ഉത്തരങ്ങള്‍ക്ക് വിശദീകരണം നല്‍കുന്ന ക്ലാസുകള്‍ തെരഞ്ഞെടുക്കുക. പുസ്തകങ്ങളിലും തെറ്റുകള്‍ കടന്നുകൂടാറുണ്ട്. വിഷയവുമായി ബന്ധപ്പെട്ട അടിസ്ഥാനപരമായ അറിവുണ്ടെങ്കില്‍ ഇത്തരം തെറ്റുകള്‍ നമുക്കുതന്നെ മനസ്സിലാക്കാന്‍ കഴിയും. 
ചോദ്യങ്ങള്‍ക്കുള്ള ഉത്തരങ്ങള്‍ നാല് ഓപ്ഷനുകളില്‍നിന്ന് തെരഞ്ഞെടുക്കുമ്പോള്‍ തെറ്റായ ഉത്തരങ്ങളെയും വിശകലനം ചെയ്യാന്‍ പഠിക്കണം. മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ elimination method നാം പഠിക്കാന്‍ ശ്രമിക്കുക. അതുപോലെ ചില ചോദ്യങ്ങള്‍ വായിക്കുമ്പോള്‍ ഉത്തരത്തിലെത്താനുള്ള വഴി ആ ചോദ്യങ്ങള്‍ തന്നെ കാണിച്ചുതരും

PSC പരീക്ഷയിൽ വന്ന ചോദ്യം നോക്കുക: 

The door bell ........... for the last ten minutes.
(a) was ringing (b) is ringing
(c) has been ringing (d) had been ringing

ഈ ചോദ്യത്തിന്റെ ശരിയായ ഉത്തരത്തിലേക്കെത്തിക്കുന്നത് for the last ten minutes എന്ന time expression ആണ്. ഇത് നമ്മെ present perfect continuous tense തെരഞ്ഞെടുക്കാന്‍ സഹായിക്കുന്നു. അതേസമയം തന്നെ was ringing, is ringing, had been ringing എന്നിവ എവിടെയൊക്കെയാണ് ഉപയോഗിക്കേണ്ടതെന്ന കാര്യവും ഓര്‍ത്തുവെക്കണം.

His aunt ........... to see us a few days ago.
(a) has come (b) had come
(c) would come (d) came

Ago എന്ന വാക്കിലൂടെയാണ് came എന്ന ഉത്തരത്തിലെത്തുന്നത്. ഒപ്പം മറ്റു മൂന്നു ഓപ്ഷനുകള്‍ എത്തരം ചോദ്യങ്ങളില്‍ വരുമെന്ന കാര്യം കൂടി മനസ്സിലാക്കണം.

There was no means of conveyance there, so we ........... walk.
(a) must (b) will
(c) had to (d) may


ഈ ചോദ്യത്തിനുള്ള ശരിയുത്തരം കണ്ടെത്താന്‍ സഹായിക്കുന്നത് was എന്ന ക്രിയയാണ്. ഇത് past tenseലുള്ള ക്രിയയാണ്. അപ്പോള്‍ past tense തന്നെ അടുത്ത വാക്യത്തിലും വരണം. തന്നിരിക്കുന്ന ഓപ്ഷനുകളില്‍ had to മാത്രമാണ് past formലുള്ളത്. മറ്റുള്ളവ present forms ആണ്. അപ്പോള്‍ ശരിയുത്തരമായി had to തെരഞ്ഞെടുക്കാം. 
ഇത്തരത്തിലുള്ള എളുപ്പമാര്‍ഗ്ഗങ്ങള്‍ ശരിക്കും മനസ്സിലാക്കിവെക്കണം. മിക്കവാറും എല്ലാ ചോദ്യങ്ങള്‍ക്കും ഇത്തരം മാര്‍ഗ്ഗങ്ങള്‍ ഉണ്ടെന്ന കാര്യവും ഓര്‍ക്കുക.
പരീക്ഷകളില്‍ വരുന്ന ചോദ്യങ്ങളില്‍ പലതും മുന്‍കാലപരീക്ഷകളില്‍ വന്നവയാണ്. ചോദ്യങ്ങള്‍ അതേപടിയോ ചെറിയ മാറ്റങ്ങളോടെയോ വരാം. ഒരു പരീക്ഷയില്‍ വന്ന question tag ചോദ്യം Have some more coffee എന്നാണെങ്കില്‍ മറ്റൊരു പരീക്ഷയില്‍ വന്നത് Have some more rice എന്നാണ്. ഏതാനും മാസങ്ങള്‍ക്കിടയില്‍ നടന്ന പരീക്ഷകളിലാണ് ഈ ചോദ്യങ്ങള്‍ വന്നത്. ചില ചോദ്യങ്ങള്‍ എത്രയോ തവണ ആവര്‍ത്തിച്ചുവന്നിട്ടുണ്ട്. ഒരു പരീക്ഷയില്‍ a chip off the old block എന്ന ശൈലിയുടെ അര്‍ത്ഥം തെരഞ്ഞെടുക്കാന്‍ പറഞ്ഞെങ്കില്‍ തൊട്ടടുത്ത് നടന്ന മറ്റൊരു പരീക്ഷയില്‍ a chip off the old blockന്റെ ശരിയായ രൂപം തെരഞ്ഞെടുക്കാനാണ് പറഞ്ഞത്. A chip off an old block, the chip off an old block, the chip off the old block എന്നിങ്ങനെയാണ് മറ്റ് മൂന്ന് ഓപ്ഷനുകള്‍ നല്‍കിയത്. അതിനാല്‍ ഏത് ചോദ്യത്തെയും അതിന്റെ ഓപ്ഷനുകളെയും ശരിക്കും വിലയിരുത്തി ഇവയുടെ വിവിധ വശങ്ങള്‍ മനസ്സിലാക്കിത്തന്നെ പഠിക്കുന്നതാണ് ഏറ്റവും നല്ലത്.
ഇംഗ്ലിഷില്‍ വരുന്ന റ്റോപിക്കുകള്‍ ഏതൊക്കെയാണെന്ന് നമുക്ക് മുന്‍കൂട്ടി അറിയാന്‍ സാധിക്കുന്നതിനാല്‍ ആ റ്റോപിക്കുകള്‍ വിശദമായി പഠിക്കാന്‍ സമയം ലഭ്യമാക്കണം. വിഷയം ആഴത്തില്‍ പഠിക്കേണ്ടതൊന്നുമില്ല. PSC ചോദിക്കുന്ന ചോദ്യങ്ങളുടെ പാറ്റേണ്‍ മനസ്സിലാക്കി പഠിച്ചാല്‍ മതി. ഒരു റ്റോപിക്കിലെ എല്ലാതരം ചോദ്യങ്ങളും PSC ചോദിക്കാറില്ല. ഉദാഹരണത്തിന്, question tag-ല്‍ simple sentenceഉം imperative sentenceഉം ആണ് സാധാരണ വരുന്നവ. അപൂര്‍വ്വമായി വന്നവയാണ് complex sentenceലുള്ള ചോദ്യങ്ങള്‍. Compound sentenceന്റെ question tag തെരഞ്ഞെടുക്കാനുള്ള ഒരു ചോദ്യം ഇതുവരെ PSC ചോദിച്ചതായി കണ്ടിട്ടില്ല. 
പരീക്ഷാഹോളില്‍ കയറിയാല്‍ വെപ്രാളപ്പെടാതെ, റ്റെന്‍ഷനടിക്കാതെ ശ്രദ്ധിക്കണം. വെപ്രാളപ്പെട്ടാല്‍ അറിയുന്ന ഉത്തരങ്ങളും തെറ്റിപ്പോവും. ചോദ്യങ്ങള്‍ ശരിക്കും വായിച്ച് മനസ്സിലാക്കിയശേഷമേ ഉത്തരം തെരഞ്ഞെടുക്കാവൂ. ചില ചോദ്യങ്ങള്‍ പെട്ടെന്ന് ഉത്തരം തെറ്റിക്കും. Few, a few; a number of, the number of; used to, be used to പോലുള്ളവ അടങ്ങുന്ന ചോദ്യങ്ങള്‍ വന്നാല്‍ ശരിക്കും വാക്കുകളെ തിരിച്ചറിഞ്ഞ് ഉത്തരം കണ്ടെത്തണം. ഇവ പരസ്പരം മാറിയാല്‍ ഉത്തരം തെറ്റും. ഇത്തരത്തിലുള്ള പല ചോദ്യങ്ങളുമുണ്ട്. പെട്ടെന്ന് ഉത്തരം കിട്ടാത്ത ചോദ്യങ്ങള്‍ക്കായോ ഉത്തരമറിയാത്ത ചോദ്യങ്ങള്‍ക്കായോ കൂടുതല്‍ സമയം ചെലവഴിക്കാതെ ഉത്തരമറിയാവുന്ന ചോദ്യങ്ങള്‍ ആദ്യം ചെയ്തുതീര്‍ക്കുക. അറിയാവുന്നവക്ക് ഉത്തരം തെരഞ്ഞെടുത്തശേഷം അറിയാത്തവയിലേക്ക് കടന്നാല്‍ മതി. അല്ലാത്തപക്ഷം അറിയാവുന്ന ചോദ്യങ്ങളുടെ ഉത്തരം എഴുതാന്‍ സമയം ലഭിക്കാത്ത അവസ്ഥ ഉണ്ടാവും. 
അതുപോലെ തന്നെ ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യമുണ്ട്. നിങ്ങള്‍ നല്‍കിയ ഒരുത്തരം തെറ്റാണെന്ന് മനസ്സിലായാല്‍ അതിനെക്കുറിച്ച് ആലോചിച്ച് tension അടിക്കരുത്. അങ്ങനെ സംഭവിച്ചാല്‍ നിങ്ങള്‍ക്ക് അറിയാവുന്ന മറ്റുത്തരങ്ങള്‍ എഴുതുമ്പോള്‍ പോലും തെറ്റ് പറ്റാന്‍ സാധ്യതയുണ്ട്. മാത്രമല്ല അറിയാവുന്ന ഉത്തരങ്ങള്‍ മറന്നുപോയെന്നും വരാം. ഇത് വളരെയേറെ ശ്രദ്ധിക്കേണ്ട കാര്യമാണ്.
അതിനാല്‍ ഇപ്പോള്‍തന്നെ previous questions കഴിയാവുന്നത്ര സംഘടിപ്പിച്ച് എല്ലാ ചോദ്യങ്ങളുടെയും ഉത്തരങ്ങള്‍ എഴുതുന്ന പരിശീലനം തുടങ്ങുക. നിങ്ങള്‍ക്ക് എത്ര കൂടുതല്‍ സമയം ഇതിനായി ചെലവഴിക്കാനാവുന്നുവോ അത്ര അടുത്തായിരിക്കും വിജയം. ഇംഗ്ലിഷ് പോലെ മറ്റു വിഷയങ്ങളും previous question papers ഉപയോഗിച്ച് പരിശീലിക്കണം. GK വിഭാഗത്തില്‍ വരുന്ന ചോദ്യങ്ങളുടെ ഓപ്ഷനുകളിലെ ശരിയുത്തരത്തോടൊപ്പം മറ്റു മൂന്നുത്തരങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങളും പഠിച്ച് അറിവ് കൂട്ടാന്‍ ശ്രദ്ധിക്കണം. 
ഇത്തരം കാര്യങ്ങള്‍ മനസ്സിലാക്കി പഠനവുമായി മുന്നോട്ട് പോയാല്‍ അടുത്ത LDC പരീക്ഷയില്‍ മാത്രമല്ല എല്ലാ PSC പരീക്ഷകളിലും നിങ്ങള്‍ക്ക് വിജയം ഉറപ്പിക്കാം.

*ഇത്തരത്തിലുള്ളപരിശിലനങ്ങളിലൂടെയും ക്ലാസുകളിലൂടെയും നിങ്ങളെ PSC പരീക്ഷകള്‍ക്ക് തയ്യാറാക്കാനുള്ള ശ്രമമാണ് ഞങ്ങള്‍ നടത്തുന്നത്.*
*വിജയാശംസകള്‍ നേരട്ടെ.*

**************************************

4 comments: